കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ എട്ട് ഫെറോനകളിലെ യുവജനങ്ങളുടെ പങ്കാളിത്തത്തോടെ മരിയൻ എഞ്ചിനീറിംഗ് കോളേജിൽ വച്ച് യുവജനങ്ങളുടെ കലോത്സവം സംഘടിപ്പിച്ചു. എട്ട് ഫെറോനകളിൽ നിന്നും നാന്നൂറോളം യുവജനങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. കലോത്സവം ഉദ്ഘാടനം ചെയ്തു. തദ്ദവസരത്തിൽ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന പിതാവിന് യുവജനങ്ങൾ സ്നേഹോപഹാരം സമർപ്പിച്ചു.
വാശിയേറിയതും മികവുറ്റതുമായ മത്സരങ്ങൾ യുവജനങ്ങൾ കാഴ്ച്ച വച്ചു. കലോത്സവത്തിൽ പാളയം ഫെറോന ഒന്നാം സ്ഥാനവും കോവളം പുതുക്കുറിച്ചി ഫെറോനകൾ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. തുടക്കം മുതൽ അവസാനം വരെ യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കലോത്സവത്തെ മികവുറ്റതാക്കി. മുൻ രൂപത പ്രസിഡന്റുമാരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും കലോത്സവവേദി സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. രൂപതാ കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായവർ സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.