ആലപ്പുഴ: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിയ്ക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം സർക്കാർ നടപ്പിലാക്കണം എന്ന് റവ ഫാ ജോൺസൻ പുത്തൻവീട്ടിൽ ആവശ്യപെട്ടു. KLCA സംസ്ഥാന ജനറൽ കൗൺസിൽ 2024 സമ്മേളനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും 2024 ലെ പ്രവർത്തനങ്ങൾക്ക് ചർച്ച ചെയ്യുന്നതിനും ആലപ്പുഴ കർമ്മസദനിൽ ചേർന്ന KLCA സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. KCYM ൽ നിന്ന് പ്രവർത്തന പരിശീലനം ലഭിച്ച യുവാക്കൾ KLCA യിലൂടെ സമുദായ പ്രവർത്തന രംഗത്തേക്ക് കൂടുതലായി വരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2024 വർഷത്തെ സംസ്ഥാന ജനറൽ കൗൺസിൽ പാലക്കാട് സുൽത്താൻപേട്ട് രൂപതയിൽ ജനുവരി 26ന് നടക്കും. ഈ കാലയളവിൽ സമുദായം നേരിടുന്ന വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയ നിലപാട് ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ 12 ലത്തീൻ രൂപതകളിലെയും സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ജനറൽ കൗൺസിൽ പൊതു സമ്മേളനം ബിഷപ്പ് അന്തോണി സ്വാമി പീറ്റർ അബീർ ഉദ്ഘാടനം ചെയ്യും. ജനറൽ കൗൺസിലിന്റെ പ്രാദേശിക ഒരുക്കങ്ങൾ സുൽത്താൻപേട്ട് രൂപത കെഎൽസിഎ ഭാരവാഹികളായ ആൻറണി റോബർട്ട്, ജോൺ ജോസഫ്, ഡയറക്ടർ ഫാ. ജോസ് മെജോ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് നടന്നുവരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി കരുമാഞ്ചേരി, ട്രഷറർ ശ്രീ രതീഷ് ആന്റണി. സംസ്ഥാന സെക്രട്ടറി ശ്രീ സാബു വി തോമസ്, ആലപ്പുഴ രൂപത പ്രസിഡന്റ് ശ്രീ പി ജി ജോൺ ബ്രിട്ടോ തുടങ്ങിയവർ പ്രസംഗിച്ചു.