തിരുവനന്തപുരം: 2024-ല്‍ പ്രതീക്ഷയുണ്ട്. ഇപ്പോള്‍ സര്‍ക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയ ഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോര്‍പ്പറേറ്റും എന്ന രീതിയില്‍ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.
ജനങ്ങളെ അനുസരണാ ശീലരാക്കുകയെന്നതാണ് പുതിയ രീതി. ചോദ്യങ്ങള്‍ ഉണ്ടാകുകയെന്നതാണ് ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രാഥമികമായി ഉണ്ടാകേണ്ടത്. അറിയാനും ചോദിക്കാനും അനുമതിയില്ലാതാകുന്ന സ്ഥിതിയാണ് സംഭവിക്കുന്നത്. ആ നിഷേധമാണ് ദേശ വിരുദ്ധതയെന്നും അരുന്ധതി പറഞ്ഞു.
ജാതീയമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കേരളത്തിലടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുന്നു. ജാതി ഐക്യവും സമത്വവും സാഹോദര്യവും ഇല്ലാതാക്കുന്ന ഒന്നാണ്. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ പത്ത് ശതമാനം പോലും അധികാര സംവിധാനത്തിന്റെ ഭാഗമാകുന്നില്ല. ജാതി സെന്‍സസ് നടക്കുമ്പോള്‍ ശരിയായ കാര്യം അറിയാനാകുമെന്നും അരുന്ധതി പറഞ്ഞു.
വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ മൂന്ന് ദിവസമായി നടന്ന സെമിനാറിനോടനുബന്ധിച്ച് ‘സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി. ഫാദര്‍ ഫെഡറിക് പ്രകാശുമായുള്ള സംഭാഷണത്തിലും സദസിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് അരുന്ധതി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
പിന്നീട് നടന്ന പൊതുപരിപാടി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. പോള്‍ തേലക്കാട്ട് അധ്യക്ഷത വഹിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സി.പി.ഐ. ദേശീയ നിര്‍വാഹക സമിതി അംഗം കെ. പ്രകാശ് ബാബു, ആര്‍. അജയന്‍, കെ.ജി താര, ഡോ. ലിസ്ബ യേശുദാസ്, പി.കെ വേണുഗോപാല്‍, പാളയം ഇമാം ഡോ. വി.പി ഷുഹൈബ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.