വത്തിക്കാൻ സിറ്റി: ക്രൈസ്തവ ലോകത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമർപ്പണത്തിന് 400 ആണ്ട് തികയുന്ന വേളയിൽ ലോകത്തെ സാക്ഷിയാക്കി ബസിലിക്കയ്ക്കുള്ളിൽ കുരിശിന്റെ വഴിയുടെ പുതിയ 14 എണ്ണഛായ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. മൈക്കലാഞ്ചലോയുടെയും ബെർണിനിയുടെയും വിശ്വപ്രസിദ്ധമായ കലാസൃഷ്ടികൾ അലങ്കരിക്കുന്ന ചരിത്രപ്രസിദ്ധമായ ബസിലിക്കയുടെ ഭിത്തികളിൽ ഇനി 36 കാരനായ സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ വരച്ച ചിത്രങ്ങളും ഇടംപിടിക്കും.
2023 ഡിസംബറിൽ വത്തിക്കാൻ സംഘടിപ്പിച്ച രാജ്യാന്തര മത്സരത്തിലൂടെയാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രഗത്ഭരായ ചിത്രകാരന്മാരാണ് തങ്ങളുടെ രചനകൾ വത്തിക്കാന് മുൻപിൽ സമർപ്പിച്ചത്. പ്രശസ്ത കലാ ചരിത്രകാരന്മാരും ആരാധനാക്രമ വിദഗ്ധരും അടങ്ങിയ വത്തിക്കാൻ കമ്മീഷൻ മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിലാണ് മാനുവൽ ഡൂറിനെ ഈ ചരിത്രദൗത്യത്തിനായി തിരഞ്ഞെടുത്തത്. 1,20,000 യൂറോയാണ് (ഏകദേശം 1.10 കോടി രൂപ) സമ്മാനത്തുക.
എ.ഡി. 326-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി വിശുദ്ധ പത്രോസിന്റെ കബറിടത്തിന് മുകളിൽ നിർമ്മിച്ച പഴയ ബസിലിക്ക പൊളിച്ചുനീക്കിയാണ് ഇന്നത്തെ ദേവാലയം പണിതീർത്തത്. 1626 നവംബർ 18 ന് ഉർബൻ എട്ടാമൻ പാപ്പയാണ് നിലവിലെ ബസിലിക്കയുടെ സമർപ്പണം നടത്തിയത്. മൈക്കലാഞ്ചലോ, ഗിയാൻ ലോറെൻസോ ബെർണിനി, കാർലോ മഡെർനോ തുടങ്ങിയ ഇതിഹാസ കലാകാരന്മാരുടെ നിർമ്മാണ വൈഭവത്തിന്റെ തുടർച്ചയായാണ് പുതിയ ചിത്രങ്ങളും ബസിലിക്കയുടെ ഭാഗമാകുന്നത്.
“കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന യേശുവിനെ ക്യാൻവാസിൽ പകർത്തിയത് വലിയൊരു വെല്ലുവിളിയായിരുന്നു. അവിടുത്തെ വിചാരണ മുതൽ സംസ്കാരം വരെയുള്ള ഓരോ നിമിഷവും അത്യന്തം ശ്രദ്ധയോടെയാണ് വരച്ചുതീർത്തത്.” – മാനുവൽ ഡൂർ പറഞ്ഞു.

യേശുവിന്റെ വിചാരണ മുതൽ സംസ്കാരം വരെയുള്ള കര്ത്താവിന്റെ അവസാന നിമിഷങ്ങളെ കേന്ദ്രമാക്കി പുതുതായി സ്ഥാപിക്കപ്പെട്ട 14 എണ്ണഛായ ചിത്രങ്ങളിൽ ഓരോന്നിനും 51 x 51 ഇഞ്ച് വലിപ്പമുണ്ട്. 626 ലെ ബസിലിക്ക സമർപ്പണത്തിന്റെ നാനൂറാം വാർഷികത്തിന് മുന്നോടിയായാണ് ഇവ സ്ഥാപിച്ചത്.
