കെയ്റോ: മണൽക്കാറ്റുകൾ സാക്ഷിയായ ലിബിയൻ തീരത്ത് ഐഎസ് തീവ്രവാദികളുടെ വാളിന് മുന്നിൽ പതറാതെ വിറക്കാത്ത ശബ്ദത്തോടെ പ്രാർത്ഥിച്ചു മരിച്ച 21 രക്തസാക്ഷികളുടെ വിശ്വാസഗാഥ സിനിമയാകുന്നു. പ്രശസ്ത സംവിധായകൻ റൗഫ് സാക്കി ഒരുക്കുന്ന സൺ ഓഫ് ദി ലവൺത് ഔർ (Son of the 11th Hour) എന്ന ഫീച്ചർ ഫിലിം റിലീസിന് മുന്നേ തന്നെ ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
2015 ലാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. ഈജിപ്തിൽ നിന്നുള്ള 20 കോപ്റ്റിക് ക്രൈസ്തവരും ഘാന സ്വദേശിയായ ഒരാളും ഉൾപ്പെടെ 21 പേരെ ലിബിയൻ കടൽത്തീരത്ത് വെച്ച് ഐഎസ് ഭീകരർ വധിച്ചു. ഓരോരുത്തരായി കൊല്ലപ്പെടുമ്പോഴും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ആ ധീരരുടെ കഥയാണ് റൗഫ് സാക്കി ലോകത്തിന് മുന്നിലെത്തിക്കുന്നത്.
കേവലമൊരു ചരിത്ര പുനരാവിഷ്കാരമല്ല മറിച്ച് മരണത്തിന് മുന്നിലും മനുഷ്യന്റെ ആത്മധൈര്യം എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്ന ആത്മീയ കലയായാണ് ചിത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിനിടയിൽ പല അത്ഭുതകരമായ ആത്മീയ അനുഭവങ്ങളും ഉണ്ടായതായി സംവിധായകൻ വെളിപ്പെടുത്തുന്നു. രക്തസാക്ഷികളുടെ ആത്മീയ സാന്നിധ്യം ഓരോ ഘട്ടത്തിലും കൂടെയുള്ളതായി തോന്നിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
2025 ൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം നിർമ്മാണഘട്ടത്തിലെ വെല്ലുവിളികൾ കാരണം അല്പം നീണ്ടുപോയെങ്കിലും ഈ വർഷം തന്നെ പ്രദർശനത്തിനെത്തുമെന്നാണ് സൂചന. സിനിമയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ള മാർഗങ്ങളാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് പ്രചോദനം നൽകുന്ന ഒരു ആത്മീയ കലാസൃഷ്ടിയായിരിക്കുമിതെന്ന് റൗഫ് സാക്കി ഉറപ്പു നൽകുന്നു.

