വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും ധൈര്യപൂർവ്വം അവിടുത്തെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിൽ വിശ്വാസികള്‍ക്ക് അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്ത അവസരത്തിലാണ് ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കാനുള്ള ആഹ്വാനം പാപ്പ നടത്തിയത്.
ഇറ്റാലിയൻ ഭാഷക്കാരായ തീർത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യവേ, തങ്ങളെത്തന്നെ ക്രിസ്തുവിന് സമർപ്പിക്കാനും, കുടുംബങ്ങളിലും തങ്ങൾ ആയിരിക്കുന്ന എല്ലായിടങ്ങളിലും അവിടുത്തെ ധൈര്യപൂർവ്വം പ്രഘോഷിക്കാനും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസജീവിതത്തിൽ ആഴപ്പെടാനും, അതുവഴി സുവിശേഷവത്കരണത്തിൽ സവിശേഷപങ്കാളികളാകാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.
പരിശുദ്ധാത്മാവിന്റെ വരവിനെ അനുസ്മരിക്കുന്ന പന്തക്കുസ്താ തിരുനാളിനൊരുങ്ങുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പ, ആത്മാവിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാനും, അവന്റെ പ്രകാശത്തിനും ശക്തിക്കുമായി പ്രാർത്ഥിക്കാനും ഉദ്‌ബോധിപ്പിച്ചു.