വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ ബുദ്ധിമുട്ടകള്‍ക്കിടയിലും വിശ്വാസികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഫ്രാന്‍സിസ് പാപ്പ പൊതുവേദിയിലെത്തി. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ട ശേഷം ആദ്യമായാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
പാപ്പ അപ്രതീക്ഷിതമായി മുന്നിലെത്തിപ്പോള്‍ കൈയടികളോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരക്കണക്കിന് വരുന്ന വിശ്വാസികള്‍ സ്വീകരിച്ചത്. മൂക്കില്‍ ഓക്സിജന്‍ ട്യൂബുകള്‍ ഘടിപ്പിച്ച് വീല്‍ചെയറില്‍ പുഞ്ചിരിയോടെയാണ് പാപ്പ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അള്‍ത്താരയുടെ മുന്നിലേക്ക് എത്തിയത്. ഞായറാഴ്ച്ച നടന്ന രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജൂബിലി ആചരണത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ പങ്കെടുത്തത്. എല്ലാവര്‍ക്കും ഞായറാഴ്ചയുടെ ആശംസകള്‍ നേരുന്നുവെന്നും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പാപ്പ പറഞ്ഞു.