ദൈവദത്തമായ ബുദ്ധിശക്തിയുടെ ഫലമായ സാങ്കേതികവിദ്യ നാം ശരിയായരീതിയിൽ ഉപയോഗിക്കണമെന്നും അവയുടെ ഗുണഭോക്താക്കൾ ഏതാനുംപേർ മാത്രമാകുകയും മറ്റുള്ളവർ ഒഴിവാക്കപ്പെടുകയും ചെയ്യാൻ പാടില്ലെയെന്നും മാർപ്പാപ്പാ. ആധുനിക സാങ്കേതികവിദ്യകൾ നല്ലരീതിയിൽ ഉപയോഗിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ സഭാതനയരെ ആഹ്വാനം ചെയ്യുന്നതായ ഏപ്രിൽമാസത്തെ പ്രാർത്ഥാനനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
അപ്പോൾ നമ്മൾ എന്തു ചെയ്യണം? എന്ന ചോദ്യം ഉന്നയിക്കുന്ന പാപ്പാ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനും ദരിദ്രരെ സഹായിക്കാനും രോഗികളുടെയും അംഗവൈകല്യമുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താനും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനും സഹോദരങ്ങളെന്നനിലയിൽ പരസ്പരം കണ്ടുമുട്ടാനും നാം സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം മനുഷ്യബന്ധങ്ങളുടെ സ്ഥാനം കൈയടക്കാതിരിക്കുകയും വ്യക്തിയുടെ അന്തസ്സിനെ ആദരിക്കുകയും നമ്മുടെ കാലഘട്ടത്തിൻറെ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.