വത്തിക്കാന്‍: തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും പാപ്പ നന്ദി അറിയിച്ചു. ഫ്രാൻസിസ് പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്.
‘കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, പാപ്പ പറഞ്ഞു.
അതേസമയം മാര്‍പാപ്പയുടെ നില ഗുരുതരമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാള്‍ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ പറഞ്ഞു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.