സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു.
വത്തിക്കാൻ സിറ്റി: ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു. ഫ്രാൻസിസ് പാപ്പയുടെ കാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമങ്ങൾ നടന്നു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് വിശുദ്ധ വാതിൽ ഫ്രാൻസിസ് പാപ്പ തുറന്നു. സഭയുടെ ജൂബിലി വർഷത്തിന്റെ ആചരണത്തിനും ഇതോടെ തുടക്കമായി.
ഇന്ത്യൻ സമയം രാത്രി പതിനൊന്നരയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയത്തിന്റെ വാതിൽ തുറന്നത്. ശേഷം വത്തിക്കാനിൽ ക്രിസ്മസ് ചടങ്ങുകളും തുടങ്ങി. എ ഡി 1500 ൽ അലക്സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് വിശുദ്ധ വാതിൽ തുറക്കുന്നത്. തുടർന്ന് പാപ്പ ലോകത്തിന് സ്നേഹ സന്ദേശവും നൽകി.
ദൈവം ഇമ്മാനുവൽ ആണ്. അവൻ നമ്മോടൊപ്പമുണ്ട്. അനന്തമായ ദൈവം ഒരു ചെറിയ പൈതലായി തീർന്ന സമയമാണ് ക്രിസ്തുമസ്. ദൈവിക വെളിച്ചം ലോകത്തിന്റെ ഇരുട്ടിൽ പ്രകാശിച്ചു. സ്വർഗത്തിന്റെ മഹത്വം ഭൂമിയിൽ പ്രത്യക്ഷമായി. ദൈവം വന്നാൽ നമ്മുടെ ഹൃദയം ഒരു പാവപ്പെട്ട പുൽത്തൊട്ടിയോട് സാമ്യമുള്ളപ്പോൾ പോലും നമുക്ക് പറയാം പ്രത്യാശ മരിച്ചിട്ടില്ല. പ്രത്യാശ സജീവമാണ്. അത് നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി വലയം ചെയ്യുന്നെന്ന് പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി. നമുക്ക് ഓരോരുത്തർക്കും ഈ കൃപയുടെ പ്രഖ്യാപനത്തിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കാം. ലോകത്തിന്മേൽ പ്രത്യാശയുടെ വാതിൽ വിശാലമായി തുറന്നിരിക്കുന്ന രാത്രിയാണിതെന്ന് വിശുദ്ധ കവാടം തുറന്ന് കൊണ്ടെന്ന് പാപ്പ പറഞ്ഞു.