വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാന്‍സിസ് പാപ്പ. ഗുരു ലോകത്തിന് നല്‍കിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണെന്നും അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിക്കുന്ന സര്‍വമത സമ്മേളനത്തിലുള്ള ആശിര്‍വാദ പ്രഭാഷണത്തിലാണ് പാപ്പയുടെ പരാമര്‍ശം.
ഇറ്റലി, ബെഹ്‌റിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യുഎഇ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചില്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള വിവിധ മത പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച സമ്മേളനം കര്‍ദിനാള്‍ ലസാറസ് യു ഹ്യൂങ്‌സിക്ക് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ദര്‍ശനവും ലോക സമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തി.