ന്യൂഡല്‍ഹി: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത, സമാധാനം നഷ്ടപ്പെട്ട മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡോ. ലിനസ് നെലി ഫ്രാന്‍സിസ് പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ഡികാസ്റ്ററി ഓഫി ഇവാഞ്ചലൈസേഷന്‍ പുതിയ ബിഷപ്പുമാര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിച്ച ഫോര്‍മേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നുപാപ്പയെ കണ്ട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.
മണിപ്പൂരിലെ ഭീകരമായ അവസ്ഥ അദ്ദേഹം പാപ്പയോട് വിവരിച്ചു. പാപ്പ വളരെ ഗൗരവത്തോടെയാണ് തങ്ങളുടെ ആകുലതകള്‍ കേട്ടതെന്നും മനസ് മടുക്കരുതെന്ന് പറഞ്ഞുവെന്നും ആര്‍ച്ചുബിഷപ് സന്ദർശനത്തിനുശേഷം പറഞ്ഞു..
അവിടുത്തെ ജനങ്ങള്‍ ക്ഷമയുടെയും അനുരജ്ഞനത്തിന്റെയും പാതപുണര്‍ന്ന് മൈത്രിയില്‍ ജീവിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പയോട് അദ്ദേഹം അപേക്ഷിച്ചു. അസ്വസ്ഥത നിറഞ്ഞ പ്രദേശങ്ങളില്‍ സമാധാനം സംസ്ഥാപിതമാകുന്നതിനുവേണ്ടി ദൈവത്തിന്റെ അടിയന്തിര ഇടപെടലിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ആര്‍ച്ചുബിഷപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 2023 ഒക്‌ടോബറിലായിരുന്നു ഡോ. ലിനസ് നെലി ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടത്. 67 കാരനായ അദ്ദേഹം ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് മണിപ്പൂരിലെ ജനതയ്ക്ക് വേണ്ടി ഒക്‌ടോബര്‍ ജപമാല മാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. 2023 മെയ് 3 നാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 220 ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയും ചെയ്തു. 60,000 ലധികം ആളുകള്‍ നാടും വീടും വിട്ട് ഓടിപ്പോകേണ്ടിവന്നു. ദൈവാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി. ഇപ്പോഴും അനേകായിരങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലും വളരെ മോശമായ സാഹചര്യങ്ങളിലുമാണ് കഴിയുന്നത്.