പൊഴിയൂർ: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുൾപ്പെട്ട കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ശ്രീമതി ഗീത സുരേഷ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടാക്കിയ ധാരണപ്രകാരം പ്രസിഡന്റ് ജി.സുധാർജുനൻ രാജിവെച്ചതിനെത്തുടർന്നാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. അതിരൂപതയിലെ സാമുഹ്യ ശുശ്രൂഷയിലെ സജീവ പ്രവർത്തകയാണ് പൊഴിയൂരിൽ നിന്നുള്ള ആദ്യ വനിത പ്രസിഡന്റെന്ന നേട്ടം കൈവരിക്കുന്ന ഗീതാസുരേഷ്.
ജില്ലയിലെ ജനസാന്ദ്രതയേറിയ തെക്കേകൊല്ലങ്കോട്, പരുത്തിയൂർ മത്സ്യഗ്രാമങ്ങളും പൊഴിയൂർ പ്രദേശവും ഉൾപ്പെടെയുള്ള വാർഡുകൾ ഉൾകൊള്ളുന്നതാണ് കുളത്തൂർ ഗ്രാമപഞ്ചായത്ത്. പൊഴിയൂരിന്റെ ഒരു ഭാഗം കാരോട് പഞ്ചായത്തിലും ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളെയെല്ലാം ഉൾകൊള്ളിച്ച് പൊഴിയൂർ പഞ്ചായത്തെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊഴിയൂർ പഞ്ചായത്ത് രൂപീകരണം തീരദേശമുൾകൊള്ളുന്ന പ്രദേശത്തിന്റെ സമഗ്ര വളർച്ചയ്ക്ക് വഴിയൊരുക്കും. അതിരൂപത നേതൃത്വം നിയുക്ത കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ആശംസകൾ നേരുന്നു.