മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക-വിദ്യാർത്ഥികൾ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജൻ അമൃതം നിയമിതനാവുമ്പോൾ ഇത് തിരുവനന്തപുരം അതിരൂപതയ്ക്കും അഭിമാനനിമിഷം. തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള ആദ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റാണ് ഫാ. സുജൻ.
തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവകയിൽ അമൃതം-ലൂർദ്ദ് ദമ്പതികളുടെ അഞ്ച് മക്കളിൽ നാലാമത്തെ മകനായി 1970-ിലാണ് അദ്ദേഹം ജനിച്ചത്. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചു. വൈദകനാകണമെന്ന ആഗ്രഹത്തോടെ, 1985-ിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേരുകയും, 1988 മുതൽ 1994 വരെയുള്ള വർഷങ്ങൾക്കിടെ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തീകരിക്കുകയും ചെയ്തു. 1994 ഡിസംബർ 27-ാം തിയ്യതിയാണ് അഭിവന്ദ്യ സൂസപാക്യം മെത്രാനിൽ നിന്നും വൈദികപട്ടം സ്വീകരിച്ചത്.
പേട്ട സെന്റ് ആൻസ് ഇടവകയിലും വെട്ടുകാട് മാദ്രേ ദേ ദേവൂസ് ഇടവകയിലും സഹവികാരിയായി രണ്ടു വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം 1994 മുതൽ 2003 വരെ ജീവനും വെളിച്ചവും മാസികയിലും സേവനം ചെയ്തിട്ടുണ്ട്. കണ്ണാന്തുറയുലും, മൺവിളയിലും നെട്ടയത്തും ഇടവകവികാരിയായും സേവനമനുഷ്ഠിച്ചിരുന്നു.
റോമിലെ സാന്താക്രോച്ചേ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് 2008-ിൽ തത്വശാസ്ത്രത്തിൽ ഡേക്ടറേറ്റ് നേടി മടങ്ങിയെത്തിയത്.തിരുവനന്തപുരം അതിരൂപതയുടെ കെ.സി.എസ്. എൽ. ഡയറക്റ്ററായും(1996-2000), വിദ്യാഭ്യാസ ശുശ്രൂഷാ ഡയറക്റ്ററായും,കോർപ്പറേറ്റ് മാനേജറായും(2000-2003) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2008 മുതൽ ആലുവാ പൊന്തിഫിക്കൽ സെമിനാരിയിലെ സ്റ്റാഫാണ്, അതോടൊപ്പം പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായി പത്ത് വർഷത്തിലധികമായി സേവനം ചെയ്തുവരികയാണ്. 2018- മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ തത്വശാസ്ത്രവിഭാഗത്തിന്റെ അസ്സോസിയേറ്റ് ഡീനായി പ്രവർത്തിച്ചുവരുന്നതിനിടയ്ക്കാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഫ്രാൻസിസ് പാപ്പായിൽ നിന്നും നിയമനോത്തരവ് ലഭിക്കുന്നത്. സാധാരണയായി മൂന്ന് വർഷക്കാലയളവിലേക്കാണ് നിയമനം നടത്തുക.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്ര തത്വശാസ്ത്ര കോഴ്സുകൾ കൂടാതെ ഭാഷാ കോഴ്സുകളും നൽകിവരുന്നു. റെഗുലർ വിദ്യാർത്ഥികളായി 630 പേരും കേരളത്തിലെ വിവിധ സെന്ററുകളിലായും കറസ്പോണ്ടൻസായും ആയിരത്തോളം വിദ്യാർത്ഥികളും പഠിക്കുന്ന സ്ഥാപനമാണിത്.