പുത്തൻതോപ്പ്: പുതുക്കുറിച്ചി ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്ന ടേക്ക് -ഓഫ് 2025 പൊതുവിജ്ഞാന മത്സര പരീക്ഷ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫെബ്രുവരി 22 ഞായറാഴ്ച പുത്തൻതോപ്പ് പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങ് ബിഷപ്പ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. കോസ്മോസ്. കെ തോപ്പിൽ അധ്യക്ഷനായിരുന്നു. ഫെറോന വികാരി ഫാ. ഹയസിന്ത് എം നായകം മുഖ്യപ്രഭാഷണം നടത്തി. അസി. കോഡിനേറ്റർ ഫാ. എം ആൽബർട്ട്, പുത്തൻതോപ്പ് ഇടവക വികാരി ഫാ. മുത്തപ്പൻ അപ്പോലി, സിസ്റ്റർ മറീന തോമസ് എന്നിവർ ആശംസകളർപ്പിച്ചു. ഫെറോന സെക്രട്ടറി ഫ്ലോറൻസ് ഫ്രാൻസിസ് സ്വാഗതവും ഫെറോന കൺവീനർ ഡോ. ബിമൽ ലാസർ കൃതജ്ഞതയും അർപ്പിച്ചു.
മൂന്ന് സെക്ഷനിലായി നടന്ന പരീക്ഷ വിജയികൾക്ക് 10001/-, 7501/-, 5001/- ക്യാഷ് അവാർഡ് ബിഷപ്പ് ക്രിസ്തുദാസ് നൽകി. ക്യാഷ് അവാർഡ് നൽകാൻ സഹായിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളെ പൊതുവിജ്ഞാന പരീക്ഷകളോട് താല്പര്യം വളർത്തുക മത്സരപരീക്ഷകളിൽ വിജയം നേടുവാൻ അവരെ പ്രാപ്തരാക്കുക അതുവഴി ഭാവിയിൽ സർക്കാർ ഉദ്യോഗത്തിൽ കയറാൻ സഹായിക്കുക തുടങ്ങിയവയാണ് ടേക്ക് -ഓഫ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

