തുണ്ടത്തിൽ: കഴക്കൂട്ടം ഫെറോനയിൽ മതബോധന ശുശ്രൂഷ സമിതിയും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും സംയുക്തമായി മതബോധന വാർഷികവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും നടത്തി. തുണ്ടത്തിൽ ലൂർദ് മാതാ ഇടവകയിൽ വച്ച് ഫെറോന വികാരി ഫാ. റോബിൻസന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മരിയൻ എജ്യു-സിറ്റി മാനേജർ റവ. ഡോ. എ. ആർ. ജോൺ ഉദ്ഘാടനം ചെയ്തു. ഫെറോന അജപാലന ഡയറക്ടർ ഫാ. ശാന്തപ്പൻ, ഫെറോന വിദ്യാഭ്യാസ കൺവീനർ ഡോ. ഡിറ്റിൻ ആൻഡ്രൂസ്, സിസ്റ്റർ പ്രതിനിധി സിസ്റ്റർ ശ്രുതി, വിദ്യാർത്ഥി പ്രതിനിധി കുമാരി ആൻ ക്രിസ്റ്റ എന്നിവർ ആശംസകൾ അർപ്പിച്ചു.
തദവസരത്തിൽ ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെയും 12-ാം ക്ലാസ്സിലെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും, ‘കനവ്’ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മെറിറ്റ് അവാർഡ് വിതരണത്തിനാവശ്യമായ സഹായം മരിയൻ എജ്യു-സിറ്റി നൽകി. ഫെറോന, അതിരൂപതാതല മതബോധന പരീക്ഷ വിജയികൾക്കും ലോഗോസ്, ഹിസ്റ്റോറിയ പരീക്ഷകളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണവും നടന്നു. തുണ്ടത്തിൽ ഇടവക മതബോധന ഹെഡ്മിസ്ട്രസ് പ്രിയ സുജിത്ത് ആശംസയും ഫെറോന അധ്യാപക പ്രതിനിധി ജൂലിയറ്റ് പോൾ കൃതജ്ഞതയും രേഖപ്പെടുത്തി. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മതബോധന വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

