പുതുക്കുറിച്ചി : തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ബിഗ് ഫാമിലി കോൺഫറൻസ് നടന്നു. തുമ്പ പാരിഷ് ഹാളിൽ വച്ച് നടന്ന പരിപാടി ഫൊറോന വികാരി വെരി. റവ. ഫാ. ഹൈസിന്ത് എം നായകം ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി ഫൊറോന വൈദിക കോർഡിനേറ്റർ റവ. ഫാ. ആൽബർട്ട് എം. അധ്യക്ഷത വഹിച്ചു. അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. ഓരോ മാതാപിതാക്കളും മക്കൾക്ക് ജന്മം നൽകുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുകാരാകുകയാണെന്നും മക്കൾ കുടുംബത്തിന്റെ ഐശ്വര്യവും ദൈവികദാനവും ദൈവിക അനുഗ്രഹവും ആണെന്ന തിരിച്ചറിവിലൂടെ നമ്മുടെ പൂർവപിതാവായ അബ്രഹാമിനെ പോലെ ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടെ ജീവിക്കണമെന്നും തന്റെ അനുഗ്രഹപ്രഭാഷണത്തിലൂടെ പിതാവ് വലിയ കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു.
കുടുംബ ശുശ്രൂഷ രൂപത ഡയറക്ടർ ഫാദർ റിച്ചാർഡ് സക്കറിയാസ്, തുമ്പ സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ഇടവക വികാരി ഫാ. ഷാജിൻ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വലിയ കുടുംബങ്ങൾക്ക് വേണ്ടി പ്രചോദനാത്മകമായ ക്ലാസ് വെള്ളയമ്പലം ഇടവകാംഗം ശ്രീ ബിനോജും കുടുംബവും നയിച്ചു. ഫൊറോനയിലെ 44 കുടുംബങ്ങളിൽ നിന്നുമായി 253 പേർ പങ്കെടുത്ത സംഗമത്തിന് ഫൊറോനാ സിസ്റ്റർ ആനിമേറ്റർ, ഇടവക കൺവീനർമാർ എന്നിവർ നേതൃത്വം നൽകി ഫൊറോന കുടുംബ ശുശ്രൂഷ കൺവീനർ ജാക്സൺ കൃതജ്ഞത അർപ്പിച്ചു.