ദുബായ്∙ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ഇറാൻ അറസ്റ്റ് ചെയ്ത മലയാളി മൽസ്യത്തൊഴിലാളികളിൽ എട്ട് പേരെ മോചിപ്പിച്ചു. അജ്മാനിൽ നിന്ന് മൽസ്യ ബന്ധനത്തിനു പോയ ഇവർക്ക് 45 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചനം സാധ്യമായത്. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സാജു ജോർജ്, ആരോഗ്യരാജ് വർഗീസ്, സ്റ്റാൻലി വാഷിങ്ടൺ, ഡിക്സൺ ലോറൻസ്, ഡെന്നിസൺ പൗലോസ്, പത്തനംതിട്ട അടൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ് മോചിതരായത്.
മൽസ്യത്തൊഴിലാളികൾ മോചിപ്പിക്കപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വീറ്റ് ചെയ്തു. പുറത്തിറങ്ങിയവർ കുടുംബങ്ങളെ വിവരം അറിയിച്ചു. ജയിൽ മോചിതരായവർക്ക് ടെഹ്റാനിലെ ഇന്ത്യൻ എംബസി താമസവും ഭക്ഷണവും ഒരുക്കി. കേസ് നടപടികൾ പൂർണമായും അവസാനിപ്പിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ അജ്മാനിൽ മടങ്ങിയെത്തുമെന്നാണ് സൂചന. ജൂൺ 18ന് ആണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഉൾപ്പെടെ ഇറാൻ കസ്റ്റഡിയിൽ എടുത്തത്. ശക്തമായ കാറ്റിൽ ദിശമാറി അതിർത്തി കടന്നതാണെന്നാണ് മൽസ്യത്തൊഴിലാളികൾ പറയുന്നത്.