ഈ അടുത്തകാലത്തായി മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും മനുഷ്യത്വരഹിതമായ സമീപനങ്ങളിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശക്തമായി പ്രതിഷേധിക്കുകയും പ്രസ്തുത അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നുവെന്ന് പത്രക്കുറിപ്പ്.
കോവിഡ് – 19 വ്യാപനത്തിന്‍റെ പേരില്‍ മത്സ്യമാര്‍ക്കറ്റുകളൊക്കെ അടച്ചിടുകയും കുടുംബം പുലര്‍ത്താനായി മത്സ്യമാര്‍ക്കറ്റുകളോട് ചേര്‍ന്നിരുന്ന് നാളിതുവരെ സ്വൈരമായി മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യക്കച്ചവട സ്ത്രീകളെ അക്രമിക്കുകയും വിരട്ടിയോടിക്കുകയും ചെയ്യുന്ന പ്രവണത നാള്‍ക്കുകനാള്‍ ഏറിവരുന്നു. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആഗസ്റ്റ് 12-ന് ആറ്റിങ്ങലില്‍ നടന്നത്. അഞ്ചുപേരടങ്ങുന്ന നിര്‍ദ്ധന മത്സ്യത്തൊഴിലാളി കുടുംബത്തിന്‍റെ ഏക അത്താണിയായ അല്‍ഫോന്‍സിയാ വില്‍പ്പനയ്ക്കായി വച്ചിരുന്ന മത്സ്യം റോഡില്‍ വലിച്ചെറിയുകയും വില്‍പ്പനോപകരണങ്ങള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്ത ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാരുടെ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. അതിക്രമം കാണിച്ചവര്‍ക്കെതിരെ നഗരസഭയും പോലീസും തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വില്‍പ്പനയ്ക്കായി കരുതിയ മത്സ്യം നശിപ്പിച്ചതിന് തക്ക നഷ്ടപരിഹാരവും റോഡില്‍ വീണ് പരുക്കുപറ്റിയ അല്‍ഫോണ്‍സിയായുടെ ചികിത്സാചെലവും നഗരസഭ വഹിക്കേണ്ടതാണെന്നും അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഉപജീവനത്തിനായി മത്സ്യക്കച്ചവടം നടത്തുന്ന നിരാലംബരായ സ്ത്രീകളെ ആക്രമിക്കുകയും അവരുടെ ജീവനോപാധികള്‍ നിഷ്ക്കരുണം നശിപ്പിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
ഫാ. സി. ജോസഫ്
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വക്താവ്