വെള്ളയമ്പലം: മതബോധന പ്രധാന അധ്യാപകരുടെ അതിരൂപതാതല ക്രിസ്തുമസ് സംഗമം വെള്ളയമ്പലത്ത് നടന്നു. ഡിസംബർ 16 ശനിയാഴ്ച രാവിലെ ബൈബിൾ വന്ദനം, ബൈബിൾ വായന എന്നിവയോട് കൂടി ആരംഭിച്ച സംഗമത്തിൽ അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ് ക്രിസ്തുമസ് സന്ദേശം നൽകി. ഇടവകയിൽ മതബോധനം എങ്ങനെ അധ്യാപകർക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ആരാധനക്രമവുമായി ബന്ധപ്പെടുത്തിയുള്ള ക്രിസ്തുമസ് സന്ദേശം അധ്യാപകർക്ക് പുതിയ അറിവ് നൽകി. അജപാലന ശുശ്രൂഷ ഡയറക്ടർ ഫാദർ ഷാജു വില്യം ഇടവകയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും മതബോധന ശുശ്രൂഷ ഇടവകയിൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് കേക്ക് മുറിച്ച് കരോൾ ഗാനമാലപിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. വിവിധ ഇടവകകളിൽ നിന്നായി 54 അധ്യാപകർ പങ്കെടുത്ത സംഗമത്തിൽ അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ഡാർവിൻ ഫെർണാണ്ടസ് സന്നിഹിതനായിരുന്നു.