തിരുവനന്തപുരം: ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി ബുധൻ. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ യഹൂദ പാരമ്പര്യത്തില്‍ നിന്നുമാണ് വിഭൂതി ബുധന്റെ ആരംഭം. ദൈവം മനുഷ്യനെ സൃഷ്ടിച്ച പൂഴിയെ പ്രതിനിധീകരിക്കുന്നതാണ് ഈ ചാരം. “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” (ഉത്പത്തി 3:5) എന്ന വചനം പറഞ്ഞുകൊണ്ടാണ് വൈദികന്‍ വിശ്വാസിയുടെ നെറ്റിയില്‍ ചാരം പൂശുന്നത് തന്നെ. രണ്ടാം നൂറ്റാണ്ടിലെ സഭാസംബന്ധിയായ ചില രേഖകളില്‍ ഇത്തരത്തിലുള്ള ചാരം കൊണ്ടുള്ള കുരിശുവരയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനര്‍ത്ഥം ആചാരത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്രിസ്തുവിശ്വാസികളായ ഏവർക്കും ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുവാന്‍ അനുവാദമുണ്ട്. എല്ലാ വിശ്വാസികളും അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന്‍ ഇത് ഓര്‍മ്മപ്പെടുത്തുന്നു.
യോനായുടെ പ്രവചനം കേട്ട നിനവേ നിവാസികൾ തീവ്രപശ്ചാത്താപത്തില്‍ രാജാവും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്ന പതിവ് ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതവും ഒരിക്കല്‍ കടന്നുപോകുമെന്നും എളിമപ്പെടാനും ത്യാഗമനോഭാവത്തോടെ ജീവിക്കുവാനും ഓര്‍മ്മപ്പെടുത്തുകയുമാണ് ഈ ദിവസത്തിലെ ശുശ്രൂഷയിലൂടെ ചെയ്യുന്നത്. മുന്‍വര്‍ഷത്തിലെ കുരുത്തോല വിശുദ്ധ ജലം കൊണ്ട് വെഞ്ചരിക്കുകയും, സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് സുഗന്ധപൂരിതമാക്കുകയും ചെയ്തതിനു ശേഷമാണ് ചാരമാക്കുന്നത്. അനുതാപമാര്‍ന്ന ഹൃദയത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കടാക്ഷിക്കും എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചാരം പൂശല്‍.