അതിരൂപതയിലെ ഇടവക-ഫെറോനാ തലങ്ങളിൽ നവ നേതൃത്വുത്തെ തെരഞ്ഞെടുക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. രണ്ടായിരത്തി ഇരുപതിൽ തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി. പ്രവർത്തകരുടെ കാലാവധി ഈ മാസം ഡിസംബറോടെ പൂർത്തിയാവുകയാണ്. 2023- 25 ഇടവക പാരിഷ് കൗൺസിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി. സി. സി. തിരഞ്ഞെടുപ്പാണ് ഈ ദിവസങ്ങളിൽ നടന്ന് വരുന്നത്. ഓരോ ബി. സി. സി- യിൽ നിന്നും പത്തുപേരെയാണ് വിവിധ ശുശ്രൂഷകളിലേക്കും നേതൃത്വത്തിലേക്കും തിരഞ്ഞെടുക്കുന്നത്. സ്ത്രീ, പുരുഷ ലീഡർമാർ, സെക്രട്ടറി എന്നിവർക്കൊപ്പം സാമൂഹ്യ, അജപാലന, അൽമായ, കുടുംബ, വിദ്യാഭ്യാസ, മത്സ്യതൊഴിലാളി, യുവജന പ്രതിനിധികളെയുമാണ് ബി. സി. സി. തലത്തിൽ തിരഞ്ഞെടുക്കുക.
ബി. സി. സി. തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രതിനിധികളും ഉൾക്കൊള്ളുന്നതാണ് ഇടവക ജനറൽ ബോഡി. ഇവരെ ഒരുമിച്ച് കൂട്ടിയുള്ള പൊതുതിരഞ്ഞെടുപ്പിലൂടെ ഇടവക കൗൺസിൽ അംഗങ്ങളെ ഡിസംബർ ആദ്യവാരത്തിൽ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ അതിരൂപതാ അംഗീകരിച്ച പരിശീലനപരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ട്. ജനുവരി ഒന്നിന് ഇടവക ജനങ്ങൾക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതോടെ ഇടവക തലത്തിൽ ശുശ്രൂഷാ കൈമാറ്റം പൂർത്തിയാകും .