പുതിയതുറ: തിരുവനന്തപുരം അതിരൂപതയിലെ വന്ദ്യ വൈദികൻ ഫാ. ജറാർഡ് സിൽവ ഇന്ന് രാവിലെ അന്തരിച്ചു. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1945 -ൽ ശിലുവപിച്ചയുടെയും ജൂസമ്മയുടെയും മകനായി പുതിയതുറയിൽ ജനിച്ച ഫാ. ജാറർഡ് സിൽവ പുതിയതുറയിൽ പ്രാഥമിക വിദ്യാഭ്യാസവും കാഞ്ഞിരംകുളത്ത് ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി. തുടർന്ന് 1964 – ൽ സമിനാരിയിൽ ചേരുകയും കാർമ്മൽഗിരി സെമിനാരിയിൽ ഫിലോസഫിയും മംഗലപ്പുഴ സെമിനാരിയിൽ നിന്നും തിയോളജി പഠനവും പൂർത്തിയാക്കി. 1970-ൽ പരോഹിത്യം സ്വീകരിച്ചു. തുടർന്ന് പുവാർ, മാർത്താണ്ഡൻതുറ, കീഴാറൂർ, കൊല്ലംകോട്, മുങ്ങോട്, വള്ളവിള, ഇരവിപുത്തൻതുറ, നെയ്യാറ്റിൻകര, പള്ളിത്തുറ, അടിമലത്തുറ, സെന്റ്. ആൻഡ്രൂസ്, പുതുക്കുറിച്ചി, പരുത്തിയൂർ എന്നീ ഇടവകകളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
അതിരൂപതയിലെ വലിയ ഇടവകകളിലും മിഷൻ ഇടവകകളിലും സേവനം ചെയ്ത ഫാ. ജറാർഡ് സിൽവ അനുസരണം കൈമുതലാക്കിയ ഒരു സഭാ സ്നേഹിയായിരുന്നു. ഒപ്പം സഭാപഠനങ്ങൾ പഠിപ്പിക്കുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു. സഭ പറയുന്നതിൽ നിന്ന് വ്യതിചലിക്കാതെ തന്റെ നിലപാടുകൾ സംരക്ഷിക്കാൻ ഭയരഹിതനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ചുരുക്കം ചിലവൈദീകരിൽ ഒരാളായിരുന്നു അന്തരിച്ച ജറാർഡച്ചൻ. ജീവിതത്തിൽ പ്രതിസന്ധികളുണ്ടായാപ്പോഴെല്ലാം ദൈവാശ്രയത്തിൽ അതെല്ലാം അതിജീവിച്ച വ്യക്തി. പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കരുണയോടെ ഇടപഴകുന്ന വ്യക്തിത്വം.
ജറാർഡ് സിൽവ അച്ചന്റെ സംസ്ക്കാര ശുശ്രൂഷ നാളെ (04.11.2023, ശനി) രാവിലെ 9.30 മണിക്ക് പുതിയതുറ സെന്റ്. നിക്കോളാസ് ദൈവാലയത്തിൽ നടക്കും. Live Streaming Link >