തിരുവനന്തപും ലത്തീന്‍ അതിരൂപതയില്‍ ഒരു വര്‍ഷമായി നടന്നുവരുന്ന യേശുക്രിസ്തുവിന്റെ ജനനത്തിന്റെ മഹാജൂബിലി ആഘോഷപരിപാടികള്‍ നിറഞ്ഞ ജനസാന്നിദ്ധ്യത്തില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി പാളയം സെന്റ്. ജോസഫ് ഭദ്രാസന ദേവാലയങ്കണത്തിൽ നിന്നുമാരംഭിച്ച പ്രേഷിത റാലി സമ്മേളന വേദിയായ സെന്റ്. ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിലെത്തിചേർന്നു. അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആര്‍. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഈ ജൂബിലി സമാപനം നമ്മുടെ അതിരൂപതയുടെ നവതിയിലേയ്ക്കുള്ള യാത്രയുടെ ഭാഗമാണെന്നും നാം ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ 2027-ല്‍ മാത്രമാണ് സമാപിക്കുക എന്നും പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തുകൊണ്ട് നല്‍കിയ സന്ദേശത്തില്‍ ലോകം വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ആത്മീയമായ ഉള്‍ക്കരുത്താര്‍ജ്ജിച്ചുകൊണ്ട് വിശുദ്ധ കൊച്ചുത്രേസ്യയുടെ ആത്മീയമാതൃക ജീവിതത്തില്‍ പകര്‍ത്തേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു.

സുസ്ഥിര ആരോഗ്യവും സമൃദ്ധിയും – വിശ്വാസത്തിലൂടെ എന്ന ലക്ഷ്യവുമായി അതിരൂപത ആരംഭിക്കുന്ന ‘സാന്ത്വനം ആരോഗ്യ സമൃദ്ധി’ പദ്ധതിയുടെ ലോഗോ എന്തു സൂചിപ്പിക്കുന്നു എന്നും പദ്ധതി എന്താണെന്നും ജൂബിലി ഹോപിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. ലെനിന്‍ രാജ് വ്യക്തമാക്കി. തുടര്‍ന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മോസ്റ്റ് റവ. ഡോ. സൂസപാക്യം എം. നിര്‍വ്വഹിച്ചു.
കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍മേധാവി പ്രൊ. ജോസഫ് ആന്‍റണി സ്വാതന്ത്ര്യം കിട്ടി 79 വർഷമായിട്ടും ലത്തീൻ കത്തോലിക്കർ എല്ലാ തലങ്ങളിലും അവഗണന നേരിടുന്നു. ഐക്യബോധമുള്ള കൂട്ടായ്മകൾ ശക്തി പ്പെടുത്തി മാത്രമേ ലത്തീൻ കാത്തോലിക്കർക്ക് എല്ലാ തലങ്ങളിലും മുന്നേറ്റവും വളർചയും സാധ്യമാകൂ. നിരന്തരം മാറ്റങ്ങൾക്കും നാം വിധേയരാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സി.റ്റി.സി. മദര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം രൂപാതംഗമായ റവ. സിസ്റ്റര്‍ ആന്‍റണി ഷഹീല ആശംസ അര്‍പ്പിച്ചു. അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്ലാസിഡ് ഗ്രിഗറി നന്ദിരേഖപ്പെടുത്തി. തുടർന്ന് ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ചു.

ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം അതിരൂപതയില്‍ ആകമാനം നവീനമായ പല പദ്ധതികളും നടപ്പിലാക്കി. ഭവനരഹിതരും നിര്‍ദ്ധനരുമായ 100 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കി. കുട്ടികളുടെ ആധ്യാത്മിക വളര്‍ച്ചയും സമഗ്ര വികസനവും ലക്ഷ്യംവെച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്റ്റുഡന്‍സ് ഫോറം, ലിറ്റില്‍വേ അസോസിയേഷന്‍ എന്നിവ ആരംഭിക്കുകയും അതിരൂപതയിലെ 10 ഫെറോനകളിലും കുട്ടികളുടെ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. യുവജനങ്ങള്‍, വനിതകള്‍, അല്മായ നേതാക്കള്‍ എന്നിവരുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍ കൂടിവരവുകള്‍ എന്നിവയിലൂടെ നവനേതൃത്വത്തെ വളര്‍ത്തിയെടുക്കുവാനുള്ള വ്യാപകമായ പരിശീലന പരിപാടികള്‍ നടത്തി. അധികാര പങ്കാളിത്തത്തിലൂടെ നീതി സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തദ്ദേശഭരണപങ്കാളിത്തത്തിലേയ്ക്ക് കടന്നുവരാന്‍ സമുദായ/ രാഷ്ട്രീയ നേതൃത്വത്തെ സജ്ജരാക്കുന്ന പദ്ധതികളും ഈ കാലയളവില്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ പടുത്തുയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
