തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിൽ ജനുവരി 4 ഞായറാഴ്ച സെന്റ്. ജോസഫ് സ്കൂൾ ആഡിറ്റോറിയത്തിൽ സമാപന പരിപാടികൾ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാളയം ഭദ്രാസന ദേവാലയാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന പ്രേഷിത റാലി സമാപന വേദിയിലെത്തിചേരും. തുടർന്ന് സഹായ മെത്രാൻ ബിഷപ് ഡോ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് . പെരേര സ്വാഗതമേകും. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് മുൻ മേധാവി പ്രൊഫ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും.
ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന തുടർപ്രവർത്തനമായ ‘സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി’യുടെ ഉദ്ഘാടനം ആർച്ച് ബിഷപ് എമരിറ്റസ് ഡോ. സൂസപാക്യം നിർവഹിക്കും. ജൂബിലി മെമോറിയൽ ആശുപത്രി ഡയറക്ടർ ഫാ. ലെനിൻ രാജ് പാദ്ധതിയെ കുറിച്ച് വിശദീകരിക്കും. സി.റ്റി.സി മദർ ജനറൽ സിസ്റ്റർ ആന്റണി ഷഹീല ആശംസയും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്ലാസിഡ് ഗ്രിഗറി കൃതജ്ഞതയും പറയും. തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെ അതിരൂപതാതല ജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീഴും. അതിരൂപതയിലെ എല്ലാ വൈദികരും, സന്യസ്തരും, ഇടവകതല പ്രതിനിധികളും ജൂബിലി സമാപന ചടങ്ങിൽ സജീവമായി പങ്കെടുക്കണമെന്ന് അതിരൂപതാദ്ധ്യക്ഷൻ അഭ്യർത്ഥിച്ചു.
ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ആഘോഷിക്കുന്ന ‘പ്രത്യാശയുടെ ജൂബിലി’ വർഷത്തിന് സമാപനം കുറിച്ചുകൊണ്ട് റോമിലെ പ്രശസ്തമായ സെന്റ് മരിയ മജോറ ബസിലിക്കയിലെ വിശുദ്ധ കവാടം അടച്ചു. വരും ദിവസങ്ങളിൽ റോമിലെ മറ്റ് പ്രധാന പള്ളികളിലെയും വിശുദ്ധ കവാടങ്ങൾ അടയ്ക്കും. 2026 ജനുവരി ആറിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ലിയോ പതിനാലാമൻ മാർപാപ്പ ഔദ്യോഗികമായി അടയ്ക്കുന്നതോടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങൾക്ക് പൂർണ്ണ തിരശീല വീഴും.

