തിരുവനന്തപുരം: മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശമാക്കിയ ഭൂമിയുടെമേല്‍ ഉള്ള റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്ക സംഘടനാ പ്രതിനിധിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വഖഫിന്‍റെ ആസ്തി പട്ടികയില്‍ മുനമ്പം കടപ്പുറത്തെ ഭൂമി ഉള്‍പ്പെടുത്തിയത് തികച്ചും നീതി രഹിതമാണ്. ഒരിക്കല്‍ കൈമാറിയ ഭൂമിയില്‍ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ വക്കഫ് ബോര്‍ഡ് തയ്യാറാവണമെന്ന് പ്രതിനിധിയോഗം ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഭൂമിയുടെമേല്‍ ജനങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, മുനമ്പത്തെ ഭൂമിയുടെ മേലുള്ള വക്കഫ് ബോര്‍ഡിന്‍റെ അവകാശവാദങ്ങള്‍ പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മുനമ്പം ജനതയുടെ അവകാശാധികാരങ്ങളോടൊപ്പം നിലകൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും നവംബര്‍ 12-ാം തിയതി (ചൊവ്വ) വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതാണ്. മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കും.
വെള്ളയമ്പലം ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന കത്തോലിക്കാ, ക്രൈസ്തവ സംഘടനാ പ്രതിനിധിയോഗത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര, ഫാ. മോര്‍ലി കൈതപറമ്പില്‍, ഫാ. മാത്യു കയ്യാലക്കല്‍, ഫാ. സജി, ഫാ. മൈക്കിള്‍ തോമസ്, ലാലു ജോസഫ്, ജേക്കബ് നിക്കോളാസ്, ജിജി എം. ജോണ്‍, ഇഗ്നേഷ്യസ് തോമസ് എന്നിവര്‍ സംസാരിച്ചു.