വെള്ളയമ്പലം: തീര ജനതയുടെ താൽപര്യങ്ങൾക്ക് ഹാനികരമായ വിധത്തിൽ തദ്ദേശ സ്വയം ഭരണവാർഡുകൾ പുനർനിർണയിക്കുന്നതിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന വാർഡ് പുനർനിർണയ നടപടികൾ തികച്ചും ഏകപക്ഷീയവും നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കു വിധേയവുമായാണ് മുന്നോട്ടുപോകുന്നത്. കടലാക്രമണത്തിൽ തകർന്ന വീടുക ളുടെയും സിആർസെഡ് (CRZ) മേഖലയിൽ ഉൾപ്പെടുന്ന വീടുകളുടെയും നമ്പർ ഇല്ലാത്ത ഭവനങ്ങളെയും അതിൽ താമസിച്ചിരുന്നവരെയും ബോധപൂർവ്വം ഒഴിവാക്കിക്കൊണ്ട് വോട്ടർ പട്ടിക തയ്യാറാക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ വാർഡുകൾ നിശ്ചയിക്കുവാനും നീക്കങ്ങൾ നടന്നുവരുന്നു. തീരദേശത്തെ ജന ങ്ങളുടെ വോട്ടവകാശം നിഷേധിക്കാനും തീരജനതയുടെ പൗരത്വ അവകാശങ്ങൾ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. വീട്ടുനമ്പർ ഇല്ല എന്ന കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തീരദേശത്തെ ജനങ്ങളെ മാറ്റി നിർത്താൻ ശ്രമങ്ങൾ നടക്കുന്നു.
മണ്ഡൽ കമ്മീഷൻ ശുപാർശ പ്രകാരം പിന്നോക്ക ജന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന തീരമേഖലയിൽ പ്രത്യേക വാർഡുകൾ രൂപീകരിക്കണം എന്നശുപാർശ പരിഗണിക്കപ്പെടാതെ പോകുന്നതിൽ യോഗം അമർഷം രേഖപ്പെടുത്തി. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കപ്പെടണം. നിലവിലുള്ള തീരദേശ വാർഡുകൾവിഭജിച്ച് മറ്റു വാർഡുകളോട് കൂട്ടിച്ചേർക്കാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും യോഗം ശക്തമായി ആവശ്യപ്പെട്ടു. മോൺ. യൂജിൻ പെരേരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്രിക് മൈക്കൾ മോൺ. ജെയിംസ്‌കുലാസ്, ജോളി പത്രോസ്, പനിയടിമ, ഇഗ്നേഷ്യസ് തോമസ്, ജൂഡ്, പൊന്നുമോൻ എന്നിവർ സംസാരിച്ചു.