ബീജിങ്: ചൈനയില്‍ ജനന നിരക്ക് കുത്തനെയിടിഞ്ഞതോടെ ശിശുപരിചരണത്തിനായുള്ള ആയിരക്കണക്കിന് കിന്റര്‍ഗാര്‍ട്ടനുകള്‍ പൂട്ടി. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം പുതുതായി ചേരാന്‍ കുട്ടികളില്ലാതെ 14,808 കിന്റര്‍ഗാര്‍ട്ടനുകളാണ് പൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കിന്റര്‍ഗാര്‍ട്ടനുകളിലെ പുതിയ അഡ്മിഷനുകള്‍ കുറയുന്നത്. കുട്ടികള്‍ കുറഞ്ഞതോടെ പല കിന്റര്‍ഗാര്‍ട്ടനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.
രാജ്യത്ത് ജനന നിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും നിലവില്‍ ചൈനയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇതിനെ മറികടക്കാന്‍ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പ്രസവിക്കാനുള്ള പദ്ധതികള്‍ ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇതുവരെയും ലക്ഷ്യം കണ്ടിട്ടില്ല. രാജ്യത്തെ പല പ്രദേശങ്ങളിലും ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങില്‍ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും (ഏകദേശം 1.17 ലക്ഷം രൂപ) മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനും (ഏകദേശം 3.5 ലക്ഷം രൂപ) ബോണസായി നല്‍കുന്നുണ്ട്. നിലവില്‍ ജനസംഖ്യയുടെ 20 ശതമാനവും 65 വയസിന് മുകളിലുള്ളവരാണ്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് 28 ശതമാനമായി വര്‍ധിക്കുമെന്നാണ് പ്രവചനം.