വെട്ടുതുറ: സൊസൈറ്റി ഓഫ് സെൻ്റ്. വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ അശരണരും ആലംബഹീനരുമായ അമ്മമാർക്കും സഹോദരിമാർക്കും വസിക്കുന്നതിനുള്ള മന്ദിരം “ഓസാനം സ്നേഹ ഭവൻ” എന്ന പേരിൽ വെട്ടുതുറയിൽ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 30 ശനിയാഴ്ച തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ പ്രസ്തുത സ്ഥാപനത്തിൻ്റെ ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. ദൈവത്തിനു ഒന്നും അസാദ്ധ്യമല്ല എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രണ്ട് വർഷത്തിനുള്ളിൽ സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച ഈ സ്നേഹ ഭവനമെന്ന് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിൽ ഒറ്റപ്പെട്ടു പോയി അശരണരായ 50 അമ്മമാർക്കും സഹോദരിമാർക്കും എല്ലാ സൗകര്യങ്ങളോടുംകൂടി വസിക്കാൻ കഴിയുന്ന വിധത്തിലാണ് സ്നേഹ ഭവനം നിർമ്മിച്ചിട്ടുള്ളത്. സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ പ്രസിഡൻ്റ് ഡി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സെൻ്റ്. വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് എസ്. ജൂഡ് മംഗൾരാജ് മുഖ്യ പ്രഭാഷണവും തിരുവനന്തപുരം സെൻട്രൽ കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാ. ബീഡ് മനോജ് അമാഡോ അനുഗ്രഹ പ്രഭാഷണവും പുതുക്കുറിച്ചി ഫെറോന വികാരി ഡോ. ഹയസിന്ത് എം നായകം, ഡോ. യേശുദാസൻ റെമിയാസ്, വെട്ടുതുറ ഇടവക വികാരി ഫാ. മരിയ ഡോമിനിക്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി എന്നിവർ ആശംസകളും അർപ്പിച്ചു. തിരുവനന്തപുരം അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും 100 കണക്കിന് വിൻസൻഷ്യൻ പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിന് സെൻ്റ്. വിൻസെൻ്റ് ഡി പോൾ സൊസൈറ്റി തിരുവനന്തപുരം സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡയനേഷ്യസ് പെരേര സ്വാഗതവും ഉദ്ഘാടന കമ്മിറ്റി സെക്രട്ടറി ജോർജ്ജ് പെരേര നന്ദിയും രേഖപ്പെടുത്തി.