തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനിയുടെ വാണിജ്യ തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ അടുത്ത രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മ്മാണത്തിനുള്ള പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെ കരട് രേഖയില്‍ പൊതുജനങ്ങള്‍ക്കുള്ള തെളിവെടുപ്പ് നടത്താനിറക്കിയ വിജ്ഞാപനത്തിൽ ഉപയോഗിച്ചത് വ്യാജ ഇ-മെയിൽ വിലാസം. ഈ മെയിലിൽ പദ്ധതിയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങളും പഠന റിപ്പോര്‍ട്ടിലെ പിശകുകളും ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകളും വ്യക്തികളും രേഖാമൂലം ആക്ഷേപങ്ങളും ആശങ്കകളും അറിയിച്ചെങ്കിലും അതൊന്നും കണക്കിലെടുക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ ഈ പദ്ധതിയുടെ പരിസ്ഥിതി ആശങ്കകള്‍ അറിയിക്കാന്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച പബ്ലിക് നോട്ടീസില്‍ നല്‍കിയ വിലാസം ceetvm.kspcb@gmail.com എന്നായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ഇമെയില്‍ വിലാസം നിലവില്‍ ഇല്ല, അത് വ്യാജമാണ്. പബ്ലിക് ഹീയറിംഗ് നടന്ന തീയതിലും അതിനു മുമ്പും പരാതികള്‍ അയച്ച ചിലര്‍ക്കെങ്കിലും പിന്നീട് പരിശോധിച്ചപ്പോള്‍ അയച്ചത് സെന്‍ഡ് ആകാതെ മടങ്ങിയതായി കണ്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസിൽ ഫോണിലൂടെ ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ നോട്ടീസില്‍ നല്‍കിയിരുന്ന ഇമെയില്‍ വിലാസം തെറ്റാണെന്ന് സമ്മതിച്ച് അവിടെയുള്ള ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുകയും ചെയ്തു.
നിയമപരമായി ഒരു പദ്ധതിയുടെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടിന്മേല്‍ സ്വന്തം അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള ഏതൊരു പൗരന്റെയും, സംഘടനകളുടെയും അവകാശമാണ് ബന്ധപ്പെട്ട അധികാരികള്‍ ഇതിലൂടെ നിഷേധിച്ചിരിക്കുന്നത്. തെറ്റായ ഇമെയില്‍ വിലാസമാണ് ഓദ്യോഗിക അറിയിപ്പില്‍ നല്‍കിയിരുന്നതെന്നും, ആയതിനാല്‍ ക്ഷമാപണത്തോടെ സമയം നീട്ടി നല്‍കിയും പുതിയ ഇമെയില്‍ വിലാസം നല്‍കിയും വാര്‍ത്താ കുറിപ്പ് ഇറക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതുവരെയും തയ്യാറായിട്ടില്ല.
ഇങ്ങനെ തെറ്റായ ഇമെയില്‍ വിലാസം നല്‍കിയത് അദാനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചില ഉന്നത ഉദ്യോഗസ്ഥര്‍ മനപ്പൂർവം ചെയ്ത നടപടിയാണോ ഇതെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുകയും വേണം.
വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന്റെ പരിസ്ഥിതി ആഘാത പഠന കരട് റിപ്പോര്‍ട്ടിന്മേലുള്ള പബ്ലിക് ഹീയറിംഗ് നിയമപരമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ ഇമെയില്‍ വിലാസം നല്‍കിയും ആശങ്കകള്‍ അറിയിക്കാനുള്ള പുതിയ അവസാന തീയതി അറിയിച്ചും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പബ്ലിക് ഹീയറിംഗിന്റെ പുതിയ അറിയിപ്പ് വേണ്ടത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണം. ഇതിന് തയ്യാറാകാതിരുന്നാല്‍ ഈ ഗുരുതരമായ ചട്ട ലംഘനത്തിന് എതിരെ നിയമപരമായി ദേശീയ ഹരിത ട്രൈബ്യൂണല്‍, ഹൈക്കോടതി എന്നിവ ഉള്‍പ്പെടെയുള്ള നിയമ സംവിധാനങ്ങളിലൂടെ പരിഹാരം തേടാന്‍ നിര്‍ബന്ധിതരാകുമെന്ന് തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, സി.എഫ്.എസ് ഡയറക്ടർ ഫാ. ലൂസിയാൻ തോമസ്, കെ.എൽ.സി.എ. അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിൾ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.