തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്ന് വിശേഷിപ്പിക്കപ്പെട്ട ആനി മസ്ക്രീൻ സർ സിപി യുടെ പോലീസിൻ്റെ ഭീഷീണികളെ ഭയക്കാത്ത ധീരയായ പോരാളിയായിരുന്നെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തിരുവന്തപുരം അതിരൂപത സമിതി സംഘടിപ്പിച്ച ആനി മസ്ക്രീൻ അനുസ്മരണ പരിപാടിയിൽ ആനി മസ്ക്രീൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ ഹെച്ച് . പെരേര. ഭാരതത്തിലെ സ്ത്രീകൾക്ക് എക്കാലവും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആനി മസ്ക്രീൻ കാഴ്ചവച്ചത്. ലത്തീൻ സമുദായംഗം കൂടിയായ അവരുടെ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും ജയിൽവാസവും അനുഷ്ഠിച്ച ത്യാഗങ്ങളും എന്നും നമ്മുടെ സമുദായ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിൽ കരുത്തായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കെഎൽസിഎ അതിരൂപത പ്രസിഡൻ്റ് പാട്രിക് മൈക്കിളിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഇവിടെ നടത്തിയ പുഷ്പാർച്ചനയിലെ പൂക്കൾ ഇവിടെ നിന്ന് വായുവിലൂടെ സുഗന്ധം വഹിച്ചു പോകുന്നതു പോലെ ആനി മസ്ക്രീന്റെ ജീവിതം എല്ലാവർക്കും സുഗന്ധം നിറഞ്ഞ ഒരു അധ്യായമാണെന്നും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എല്ലാ അൽമായരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ആനി മസ്ക്രീൻ ജൂനിയർ, ഫാ. സെബാസ്റ്റിൻ,ജോസ് മെസ്മിൻ, മേരി പുഷ്പം, ഷൈജു റോബിൻ, ജോർജ് പള്ളിത്തുറ, ജോസഫ് ജോൺസൺ, അഡ്വ. എം.എ. ഫ്രാൻസിസ്, ആൻ്റെണി ആൽബർട്ട്, എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ജോസ് മെസ്മിൻ സ്വാഗതവും ഓസ്റ്റിൻ കൃതജ്ഞതയും അറിയിച്ചു.