അഞ്ചുതെങ്ങ്: തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമപ്രദേശവും കേരളക്കരയുടെ ചരിത്രഭൂമിയുമായ അഞ്ചുതെങ്ങ് സെൻറ് പീറ്റേഴ്‌സ് ഇടവയുടെ നേതൃത്വത്തിൽ ‘കടൽത്തീരം’ മാസിക തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് പ്രകാശനം ചെയ്തു. തുടർന്ന് തിരുവനന്തപുരം അതിരൂപതാ അധ്യക്ഷൻ മോസ്റ്റ്.റെവ.ഡോ. സൂസൈപാക്യത്തിനും, കേരള ഫിഷറീസ് മിനിസ്റ്റർ ശ്രീ. സജി ചെറിയാനും പതിപ്പുകൾ കൈമാറി.
‘ആദ്ധ്യാത്മിക വളർച്ചയോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം കെട്ടിപ്പടുക്കലും എക്കാലത്തും അനുവാര്യമാണെന്നും അതിനുള്ള മാർഗ്ഗനിർദ്ദേശമുണ്ടാവണമെന്നും, ആദ്ധ്യാനിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ജനങ്ങളുടെ വിയർപ്പിന്റെ വിലയെന്താണെന്ന് ഓർമ്മപെടുത്തികൊണ്ടേയിരിക്കാൻ സഹായിക്കുന്നതുമാണ് ‘കടൽത്തീരം’ മാസിക എന്നും അഞ്ചുതെങ്ങ് സെൻറ് പീറ്റേഴ്‌സ് ഇടവ വികാരി റെവ. ഫാ. പ്രദീപ് ജോസഫ് ആമുഖത്തിൽ വ്യക്തമാകുന്നു.
20 പേജുകളും, നിരവധി പങ്ക്തികളുമുള്ള മാസിക അതിലെ അവതരണ മികവും ആഖ്യാന ശൈലിയും വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകളും കൊണ്ട് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മുതലപ്പൊഴി പുലിമുട്ടിനെ കുറിച്ചുള്ള ശ്രീ. വർഗ്ഗീസ്സ് ജോസഫ് എഴുതിയ ‘അഞ്ചുതെങ്ങ് കടൽ തീരത്തിൻറെ മരണം വിദൂരത്തല്ല’ എന്ന തലക്കെട്ടോടെയുള്ള പഠനറിപ്പോർട്ട് ശ്രദ്ധേയമാണ്.