തിരുവനന്തപുരം.അതിജീവനത്തിനായി പൊരുതുന്ന കടലിന്റെ മക്കളുടെ സമരം നാലാം ദിനമായപ്പോള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. വലയും, പങ്കായവും, കന്നാസും,ചരുവവുമൊക്കെയായി സെക്രട്ടറിയേറ്റു നടയിലേക്ക് മാര്‍ച്ചുചെയ്യുവാനെത്തിയത് ഇത്തവണ അഞ്ചുതെങ്ങു ഫെറോനയിലെ അംഗങ്ങളായിരുന്നു. മുതലപ്പൊഴി മരണപ്പൊഴിയായി മാറിയതിന്റെ ദുഖം പ്രതിഫലിപ്പിക്കന്ന മുഖങ്ങളുമായാണ് മാര്‍ച്ചില്‍ അണിനിരന്നത്. മണ്‍സൂണിന്റെയും,ചാകരയുടെയും നാളുകളില്‍ അതിജീവനത്തിനുവേണ്ടി പൊരുതേണ്ടി വന്നതിന്റെ അമര്‍ഷം തീരത്തുനിന്നും സമരത്തിനെത്തിയവരുടെ വാക്കുകളിലുണ്ട്.
സമരമുഖത്തേക്കിറങ്ങിയ അതിരൂപതാ വൈദീകര്‍ മുന്നില്‍ നിന്നു നയിക്കുന്ന സമരത്തിന്റെ നാലാം നാള്‍ മാര്‍ച്ചും ധര്‍ണ്ണയും ഉല്‍ഘാടനം ചെയ്തത് മോണ്‍സിഞ്ഞോര്‍ യൂജിന്‍ എച്ച്. പെരേരയാണ്. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിര്‍മ്മാണം തിരുത്താന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് മേഴിസിക്കുട്ടിയമ്മ നല്‍കിയ വാഗ്ദാനം പാലിച്ചില്ലന്നും, വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ ഉള്‍പ്പടെ പനത്തുറമുതല്‍ വലിയവേളിവരെയുള്ള തീരം നേരിടുന്ന കടലാക്രമണം മെവിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന് ആവിശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്നും. എന്നാല്‍ കോവളത്തെ തീര ശോഷണത്തെപ്പറ്റി പഠിക്കുവാന്‍ ടൂറിസം ലോബിയുടെ സമ്മര്‍ദ്ദത്തില്‍ നടപടികള്‍ കൈക്കൊണ്ടത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണന്നും വികാരി ജനറൽ മോൺ.യൂജിന്‍ ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പറയുന്നതല്ലാതെ യാതൊന്നും നടപ്പിലാകുന്നില്ല.
അഞ്ചുതെങ്ങ് ഫെറോനയെ പ്രതിനിധീകരിച്ച് ഫാദര്‍ ലൂസിയന്‍ തോമസ് ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.മുതലപ്പൊഴി നമ്മള്‍ ചോദിച്ചു വാങ്ങിയതാണ്. എന്നാല്‍ കടലറിയത്തവര്‍ നിര്‍മ്മിച്ചപ്പോള്‍ നമുക്ക് ദോഷമായി.കടലിന്റെ നീരൊഴുക്കിനെക്കുറിച്ചു ബോധമില്ലാത്തവര്‍ നിര്‍മ്മിച്ചതാണ് മുതലപ്പൊഴി അപകടമുനമ്പായി മാറിയത്.ഫാ.ലൂസിയന്‍ തോമസ് പറഞ്ഞു. അദാനി ഡ്രഡ്ജിംഗ് നടത്താമെന്നു പറഞ്ഞു അത് അവര്‍ക്ക് കപ്പലടുക്കുവാന്‍ വേണ്ടി മാത്രമാണ് ഡ്രഡ്ജ് ചെയ്തത്. അഴിമുഖത്തെ മണ്ണു നീക്കം ചെയ്തില്ല.അതുകൊണ്ട് അടിക്കടി ദുരന്തങ്ങള്‍ സംഭവിക്കുന്നു.നമ്മള്‍ വാങ്ങിയെടുത്ത മുതലപ്പൊഴിയിപ്പോള്‍ അദാനിക്കു കപ്പലടുക്കുവാനും പാറ കയറ്റുവാനും സൗകര്യമായി. മല്‍സ്യത്തൊഴിലാളിക്ക് യാതൊരു ഗുണവുമില്ലെന്നും, എന്നാല്‍ തീരം നമ്മുടേതാണ് നമ്മുടെ ഏറ്റിനങ്ങള്‍ സൂക്ഷിക്കാനും,വിശ്രമിക്കുവാനും ഉണക്കാനുമുള്ള തീരം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും ഫാദര്‍ ലൂസിയാന്‍ ആവേശത്തോടെ പറഞ്ഞു.
സമരത്തെ അഭിസംബോധനചെയ്ത മോൺ. കുലാസ് അദാനിയുടെ കപ്പല്‍ മുതലപ്പൊഴിയില്‍ അടുത്താല്‍ അതിനെ കരയ്ക്കു കയറ്റിവെക്കാനുള്ള കരുത്ത് അഞ്ചുതെങ്ങിലെ മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടെന്ന് പറഞ്ഞു. അതുപോലെതന്നെ വെള്ളപ്പൊക്കത്തിലും മറ്റും ഭവനമില്ലാതാവുന്നവര്‍ക്ക് വീടുകള്‍ നല്‍കുന്ന ലൈഫ് പദ്ധതി പേരുമാറ്റി പുനര്‍ഗേഹം എന്നാക്കി മല്‍സ്യത്തൊഴിലാളികളെ കുരുക്കിലാക്കുകയാണന്നും ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ പണം വാങ്ങിയിട്ടുള്ളവര്‍ കടക്കെണിയിലാവുമെന്നും മോൺ. ജെയിംസ് കുലാസ് പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളുടെ പങ്കാളിത്തം നിയന്ത്രിച്ചുകൊണ്ട് സമാധാനപരമായി നടത്തുന്ന സമരത്തിന് രാഷ്ട്രീയ പക്ഷഭേദമില്ലെങ്കിലും, തീരത്തുനിന്നുമുള്ള നിരവധി സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി വരുന്നുണ്ട്. ശംഖുമുഖം,വലിയതുറ തീരങ്ങളുടെ സംരക്ഷണത്തിനായി ഒരു മാസത്തിലേറെയായി സമരം ചെയ്യുന്നവര്‍ ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഡ്യവുമായി എത്തി.അഞ്ചു തെങ്ങു ഫെറോനയെ പ്രിനിധീകരിക്കുന്ന അരയതുരുത്തി,താഴംപള്ളി,പൂത്തുറ,മാമ്പള്ളി,മുങ്ങോട്,ആറ്റിങ്ങല്‍,ചമ്പാവ്,വെന്നിയോട്, അയിരൂർ തുടങ്ങിയ ഇടവകകളില്‍നിന്നും മല്‍സ്യത്തൊഴിലാളികളും, ജനങ്ങളും അവരെ പ്രതിനിധീകരിച്ച് വൈദീകരും ധര്‍ണ്ണയെ അഭിസംബോധന ചെയ്തു.
ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് ക്രസ്തീയ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളായ പ്രീതി,പെലിസിറ്റ,,അജിത്ത്, അനിത തുടങ്ങിയവര്‍ പ്രസംഗിച്ചു.മൂന്നുമണിവരെ നീളുന്ന ധര്‍ണ്ണയില്‍ തീരത്തെ നാടന്‍ പാട്ടുകളും.തെരുവു നാടകവുമുള്‍പ്പടെ കലാ പരിപാടികളും അരങ്ങേറി. ഫൊറോന വികാരി ഫാദര്‍.ജെസ്റ്റിന്‍ ജൂഡ് നന്ദി പ്രസംഗം നടത്തി.