തിരുവനന്തപുരം: മേയ് 03 ന് കലാപം പൊട്ടിപുറപ്പെട്ട മണിപ്പൂരിൽ ഇനിയും ജനജീവിതം സാധാരണ നിലയിലെത്തിയിട്ടില്ല. പതിനായിരകണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ആയിരകണക്കിന് കുട്ടികൾ അവരുടെ പഠനം തുടരാനാവാതെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആശങ്കയോടെ ജീവിക്കുന്നു. രാജ്യം മുഴുവൻ മണിപ്പൂരിലെ അക്രമ സംഭവങ്ങളെ അപലപിക്കുമ്പോഴും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ഉയർത്തുമ്പോഴും ബന്ധപ്പെട്ട അധികാരികൾ വേണ്ട ഗൗരവത്തോടെ നടപടികൾ കൈകൊള്ളുന്നില്ലായെന്ന ആക്ഷേപവും ശക്തമാണ്.
മണിപ്പൂരിലെ അത്യന്തം ദയനീയമായ ഈ സ്ഥിതിയിൽ തിരുവനന്തപുരം അതിരൂപതയിലെ കെ സി എസ് എൽ- ലെ കുരുന്നുകളും അസ്വസ്ഥരാണ്. മണിപ്പൂരിൽ എത്രയും വേഗം സമാധാനം കൊണ്ടുവരാനുള്ള നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് നിരവധി കുട്ടികളാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി മാതൃകയായിരിക്കുന്നത്. 1400 ഓളം കുട്ടികൾ പോസ്റ്റ് കാർഡിൽ തങ്ങളുടെ അഭ്യർത്ഥന പ്രധാനമന്ത്രിക്ക് ഇതിനകം അയച്ചുകഴിഞ്ഞു. അതിരൂപതയിലെ കൂടുതൽ കുട്ടികൾ ഈ സംരഭത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വരുന്നതായി കെ സി എസ് എൽ ഡയറക്ടർ ഫാ. ഡേവിഡ്സൻ ജസ്റ്റസ് അറിയിച്ചു. ഉടനെ മണിപ്പൂരിൽ സമാധാന സംജാതമാകുമെന്നും കുട്ടികളടക്കമുള്ള മണിപ്പൂർ ജനത സാധാരണ ജീവിതത്തിൽ തിരിച്ചുവരുമെന്ന പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണവർ.