ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ അഞ്ചാം ദിനമായ ആഗസ്റ്റ് 5 ശനിയാഴ്ച തുറന്ന ജീപ്പിൽ ഫാത്തിമമാതാവിന്റെ തീർത്ഥാടന ദേവാലയത്തിൽ എത്തി. യാത്രയിലുടനീളം റോഡിനിരുവശങ്ങളിലും പാപ്പായെ കാത്തുനിന്ന പതിനായിരക്കണക്കിന് ആളുകളെ പാപ്പാ അഭിവാദ്യം ചെയ്യുകയും ശിശുക്കൾക്ക് ചുംബനം നൽകുകയും രോഗികളായ കുട്ടികൾക്ക് ആശീർവാദമേകുകയും ചെയ്തു. ഫാത്തിമമാതാവിന്റെ ബസലിക്കയുടെ മുൻപിൽ ലക്ഷക്കണക്കിന് ആളുകൾ പാപ്പായെ കാത്തുനിന്നിരുന്നു. പരിശുദ്ധ അമ്മയുടെ സന്നിധിയിൽ അല്പനേരത്തേക്ക് കണ്ണുകളടച്ച് നിശബ്ദമായി പാപ്പാ പ്രാർത്ഥന നടത്തിയപ്പോൾ ലക്ഷക്കണക്കിന് ആളുകളും പൂർണ്ണ നിശബ്ദരായി. തുടർന്ന് ഒരു ജപമാല പാപ്പാ പരിശുദ്ധ അമ്മയുടെ കാൽച്ചുവട്ടിൽ സമർപ്പിച്ചു.
കുറച്ചു തടവുകാർക്കും, ഏതാണ്ട് നൂറോളം രോഗികൾക്കും പാപ്പയ്‌ക്കൊപ്പം ഫാത്തിമ മാതാവിന്റെ സന്നിധിയിൽ നിൽക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് സന്തോഷത്തിന്റെ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ജപമാല വിവിധ ഭാഷകളിൽ അർപ്പിക്കപ്പെട്ടു.. പലവിധത്തിൽ അസുഖബാധിതരാìയ ആളുകളും ചെറുപ്പക്കാരുമാണ് ജപമാല രഹസ്യങ്ങൾ വായിച്ചത്. ജപമാലപ്രാർത്ഥനയുടെ അവസാനം ഏവരും സാൽവെ റെജീന എന്ന മരിയൻ ഭക്തിഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചു. പരിശുദ്ധ അമ്മയുടെ മുന്നിൽ കുറച്ചു നിമിഷങ്ങൾ കൂടി പാപ്പാ പ്രാർത്ഥനയിൽ ചിലവഴിച്ചു. തുടർന്ന് ലെയ്റിയ-ഫാത്തിമ രൂപതാധ്യക്ഷൻ പാപ്പായെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പരിശുദ്ധ അമ്മ മാനവികതയ്ക്ക് സന്ദേശമേകിയ ഈ തീർത്ഥാടനകേന്ദ്രത്തിൽ പാപ്പായ്‌ക്കൊപ്പവും പാപ്പായ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നതിലെ സന്തോഷം അദ്ദേഹം വെളിപ്പെടുത്തി. ഉക്രൈൻ യുദ്ധത്തിലേക്കും, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന മറ്റു സംഘർഷങ്ങളിലേക്കും ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കൂടുതൽ മാനവികമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി പരിശുദ്ധ അമ്മയുടെ സഹായം തേടാമെന്നും ആഹ്വാനം ചെയ്തു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.
പ്രസംഗത്തിന് ശേഷം യുവജനങ്ങളെ അഭിവാദ്യം ചെയ്‌ത പാപ്പാ, പരിശുദ്ധ അമ്മയ്ക്കായി കരഘോഷം മുഴക്കുവാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ദൈവദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്‌തതിന്റെ അനുസ്മരണത്തിൽ “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന ചൊല്ലുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി.