ഹെറിറ്റേജ് കമ്മീഷൻ
തിരുവനന്തപുരം ലത്തീൻ അതിരൂപത
അൽമായ വിവരശേഖരണം
തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലും എ.വി.എം( അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ) കനാലും സംഗമിക്കുന്ന പൊഴിമുഖവും, വിശാലമായ കടപ്പുറവും, പച്ചപ്പുൽ മേടുകളും, പാറക്കെട്ടുകളും കൊണ്ടു നിറഞ്ഞ മനോഹര ഭൂമി. കടലിന്റെ ഇരമ്പലം കായലിന്റെ ഓളങ്ങളും കൺകുളിർക്കെ കൗതുകം ഉണർത്തുന്ന കാഴ്ചകളായി നിറഞ്ഞുനിൽക്കുന്ന പൊഴിയൂരിലെ പരുത്തിയൂർ മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ തൊഴിലാളിയുടെ മകനായി ജേക്കബ് ആന്റണി ജനിച്ചു.
ക്രിസ്ത്യാനികളും, മുസ്ലിം കളും, ഹിന്ദുക്കളും ഒരുമയോടെ ജീവിക്കുന്ന പുഴിയൂർ ദേശത്തിന്റെ ജനകീയനായ ഡോക്ടറാണ് ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന വേളയിൽ കോഴിയൂർ നിവാസികളോടും മറ്റുള്ളവരോടും കരുതൽ കാട്ടിയിരുന്നു. മറ്റ് ഡോക്ടർമാരോട് പൊഴിയൂർ നിവാസികളെ പരിചയപ്പെടുത്തുന്നത് ബന്ധുക്കളും സ്നേഹിതരും ആയിരുന്നു. ഇങ്ങനെ നാടിനോടും നാട്ടുകാരോടും അതിരറ്റ സ്നേഹം പുലർത്തിയ വ്യക്തിയാണ് ഡോ. ജേക്കബ് ആന്റണി. പരുത്തിയൂർ ഗ്രാമത്തിൽ 1966- ൽ ഓഗസ്റ്റ് 31ന് മത്സ്യത്തൊഴിലാളിയായ അന്തോണിയപ്പൻ, മരിയ പിച്ചയുടെയും മകനായി ജനിച്ചു.
ഇവരുടെ എട്ടു മക്കളിൽ മൂത്തയാൾ ആയിരുന്നു ഡോക്ടർ. ഇദ്ദേഹത്തിന് 6 സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. ഒരു സഹോദരി കന്യാസ്ത്രീയായി തിരുവനന്തപുരം മുട്ടടയിലെ സെന്റ് ആൻസ് കോൺവെന്റിൽ പ്രവർത്തിച്ചുവരുന്നു. കൊഴിയൂർ ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും തിരുവനന്തപുരം വലിയതുറ ഫിഷറീസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് പ്രീഡിഗ്രി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും എംഡി ബിരുദാനന്തര ബിരുദവും, ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാദ സംബന്ധമായ രോഗങ്ങളുടെ പഠനത്തിന് ഫെല്ലോഷിപ്പും കരസ്ഥമാക്കി.
കേരള യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം ആയി ഗവേഷണം നടത്തിവരുന്നു. അന്തർദേശീയ ജേണലുകളിൽ പല പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കായംകുളത്തെ പ്രൈവറ്റ് ഹോസ്പിറ്റലിൽ സേവനം ചെയ്തു കൊണ്ടായിരുന്നു ആതുര ശുശ്രൂഷ ആരംഭിച്ചത്. 1993 സർക്കാർ സർവീസിൽ പ്രവേശിച്ചു. തൃശ്ശൂർ,കൊല്ലം,തിരുവനന്തപുരം എന്നീ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചു. മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ പ്രൊഫസറായും ഫിസിഷ്യൻ സീനിയർ കൺസൾട്ടന്റ് ആയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു.
തിരുവനന്തപുരം അതിരൂപതയിൽ ഡോക്ടർസ് ഫോറം പ്രസിഡന്റ് ആണ് ഇപ്പോൾ. അതിരൂപത മെത്രാന്മാരുടെ പേഴ്സണൽ ഡോക്ടർ ആണ്. പുരോഹിതർക്കും കന്യാസ്ത്രീകൾക്കും തന്റെ സേവനം നൽകിവരുന്നു. ഭാര്യ ശ്രീകാര്യം സെന്റ് ജോസഫ് ദേവാലയ ഇടവക കൗൺസിൽ സെക്രട്ടറിയാണ്. മക്കൾ ഇടവക ക്വയർ ടീം അംഗങ്ങളാണ്. കേരള പി എസ് സി മെഡിക്കൽ എക്സ്പെർട്ട് വിജിലൻസ് സ്ക്വാർഡ് അംഗം, കേരള യൂണിവേഴ്സിറ്റി ഇൻവിജിലേഷൻ എക്സാമിനർ, കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുടെ ചികിത്സയ്ക്കായുള്ള വിദഗ്ധ സംഘത്തിലെ അംഗം, ഹെൽത്ത് കെയർ പ്രൊവൈഡർ, കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുടെ ചികിത്സയ്ക്കായുള്ള വിദഗ്ധ സംഘത്തിലെ അംഗം, ഹെൽത്ത് കെയർ പ്രൊവൈഡർ, എന്നീ ഉത്തരവാദിത്വങ്ങളും തുത്യർഹമായി ഇദ്ദേഹം നിർവഹിച്ചു. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള സൗജന്യ വൈദ്യ പരിശോധന, ആരോഗ്യ അവബോധ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം തന്റെ കർമ്മശേഷി തെളിയിച്ചു. ദേശീയ സംസ്ഥാന മെഡിക്കൽ കോൺഫറൻസുകളുടെ സംഘാടക സെക്രട്ടറിയായും, കഴക്കൂട്ടം ബ്രാഞ്ചിന്റെ പ്രസിഡന്റായും സെൻട്രൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വൈറോളജി അസോസിയേഷൻ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റായും, ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1999-ൽ പൊഴിയൂർ മാൻ ഓഫ് ദി ഇയർ അവാർഡും 2014 ശ്രീകാര്യം റസിഡൻസ് അസോസിയേഷൻ ബെസ്റ്റ് ഡോക്ടർ അവാർഡും നൽകി ആദരിച്ചു. എം. ബി. ബി. എസ്, എം.ഡി., ബി. എസ്. സി., എം. എസ്. സി. നഴ്സിംഗ്, ബി. എ. എസ്., എം. ഡി. എസ്. എന്നീ കോഴ്സുകളിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചു വരുന്നു. 30 വർഷത്തെ ഔദ്യോഗിക ജീവിത കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഡോ. ജേക്കബ് ആന്റണി മനുഷ്യ സേവന ശുശ്രൂഷയ്ക്ക് മികവുറ്റ മാതൃകയാണ്. ഭാര്യ ജെല്ലി ജേക്കബ്, മക്കൾ- ജെഫി ജേക്കബ്, ജോയൽ ജേക്കബ്. ജെഫി ജേക്കബ് തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ആയും ജോയൽ ജേക്കബ് ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് റിസർച്ച് അസിസ്റ്റന്റ് ആയും സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരത്ത് ശ്രീകാര്യത്താണ് താമസം. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പൊഴിയൂർ നിവാസികളായ രോഗികൾക്ക് അവരുടെ വീട്ടിലെത്തി ആവശ്യമായ വൈദ്യസഹായം ചെയ്തു വരുന്നു. തമിഴ്നാട്ടിൽ നിന്നും രോഗികൾ ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. ജനപ്രിയനും സേവന തൽപരനുമായ ഈ ഡോക്ടർ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതനാണ്.