വിഴിഞ്ഞം പദ്ധതി നിർത്തണമെന്ന ആവശ്യത്തെ പൂർണ്ണമായി തള്ളി മുഖ്യമന്ത്രി. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ജനവിരുദ്ധവും വികസനവിരുദ്ധവുമാണെന്നാണ് ഇന്നു കൂടിയ നിയമസഭാ യോഗത്തിൽ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. പ്രദേശവാസികൾ മാത്രമല്ല സമരത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം വിമർശനമുയർത്തി. തിരുവനന്തപുരത്തെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖ നിർമ്മാണമല്ലെന്ന നിലപാടിൽ ഉറച്ചു നിന്നാണ് മുഖ്യമന്ത്രി സംസാരിച്ചത്. യാതൊരു കാരണവശാലും വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല.നിർമ്മാണം നിർത്തിയാൽ സാമ്പത്തിക വാണിജ്യ നഷ്ട്ടങ്ങൾ ഉണ്ടാകും, അദ്ദേഹം പറഞ്ഞു.
ഇപ്പൊ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാൻ പറ്റില്ല. ചിലയിടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമെന്ന നിലക്കാണ് തനിക്കിതിനെ കാണാൻ സാധിക്കുന്നത്. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്നമെന്ന ബോധ്യത്തിൽ തന്നെയാണ് സർക്കാർ നിലക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കടലാക്രമണത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങളെ വീട് നിർമ്മിക്കുന്നത് വരെ വാടക വീടുകളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. വാടകതുക സർക്കാർ നൽകും. വാടക നൽകാനുള്ള തുക നിശ്ചയിക്കാൻ ജില്ലാ കളക്ടറെ നിയോഗിച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു.159 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫ്ലാറ്റ് നിർമിച്ചു നൽകാൻ ഭരണാനുമതി നൽകിയിട്ടുണ്ടെങ്കിലും അവിടത്തെ ചില പ്രാദേശികമായ ആവശ്യങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന ന്യായവും വർഷങ്ങളായി ഗോഡൗണുകളിൽ കഴിയുന്നവർക്കുമുൻപിൽ അദ്ദേഹം ഉന്നയിച്ചു.
കടലിനോട് ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ അവർക്ക് സൗകര്യപ്രദമായ ഇടം കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി, തീരദേശത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി തന്നെയാണ് രൂപവൽക്കരിച്ചിരിക്കുന്നത്. പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി 2450 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിട്ടുള്ളത്. ഇതിൻ പ്രകാരം 276 വീടുകളാണ് ഇതുവരെ പൂർത്തീകരിക്കാനായതെന്ന് അദ്ദേഹം സമ്മതിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപ്പള്ളി എന്നിവിടങ്ങളിൽ ഭവന സമുച്ചയം നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഏകദേശം 36000 പരമ്പരാഗത മത്സ്യബന്ധന യാനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 90 ശതമാനവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല. ഇതാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. പ്രതിവർഷം 100000 കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഇതിൽ 25000 കിലോലിറ്ററിന് താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കാർഷിക ആവശ്യത്തിനും ഇതര ആവശ്യങ്ങൾക്ക് പോലും ഇത് മതിയാവുന്നില്ല. മത്സ്യഫഡ് മുഘേന വാങ്ങുന്ന മണ്ണെണ്ണ ടിബിടി- യായി യഥാസമയം മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നൽകി വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രശ്നം മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്. മണ്ണെണ്ണയുടെ വില വലിയതോതിൽ ക്രമാതീതമായി വർധിച്ചു പോരുകയാണ്. ആ പ്രശ്നവുമായി ബന്ധപ്പെട്ട് മുഴുവൻ മത്സ്യത്തൊഴിലാളി സംഘടനകളെയും വിളിച്ച് ചർച്ച ചെയ്യാൻ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വലിയതോതിൽ തീരശോഷണം സംഭവിക്കുന്നുവെന്നും പരിസ്ഥിതി ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും ആരോപിച്ചുകൊണ്ട് സുപ്രീം കോടതിയിലും ഹരിത ട്രൈബ്യൂണലിലും ഹർജികൾ നേരത്തെ സമർപ്പിച്ചിരുന്നു. അവയെല്ലാം നിരസിക്കപ്പെട്ടതുമാണ്.ഒരുവിധത്തിലുമുള്ള തീരാശോഷണത്തിന് തുറമുഖനിർമ്മാണം കാരണമാകുന്നില്ലെന്നതാണ് വസ്തുതയെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിന് കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.2018-ൽ പുളിമുട്ടിടുന്നതിനു മുൻപ് തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം ഇവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് മുഖ്യമന്ത്രിയുടെ കണ്ടെത്തലിലുണ്ട്. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന തീരശോഷണത്തിന്റെ കാരണം തുറമുഖ നിർമ്മാണമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.