ഫാ. ജെറോം ഡി. നേറ്റോ-യുടെ മൃത സംസ്കാര ശുശ്രൂഷ പരുത്തിയൂർ വി. മറിയം മഗ്ദലേന ദേവാലയത്തിൽ വച്ച് നടന്നു.ഫാ. ജെറോം ഡി. നേറ്റോയുടെ ഭൗതീക ശരീരം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന താഴമ്പള്ളി, മാര്യനാട്, കരുംകുളം എന്നീ ഇടവകകളിൽ പൊതു ദർശനത്തിന് വച്ച ശേഷമാണ് സ്വദേശമായ പരുത്തിയൂരിലേക്ക് കൊണ്ടു വന്നത്.തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ നെറ്റോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3:30ന് ആയിരുന്നു സംസ്കാര ശുശ്രൂഷകൾ നടന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ സൂസപാക്യം മെത്രാപ്പോലീത്ത, സഹായമെത്രാൻ റവ.ഫാ.ക്രിസ്തുദാസ്, നെയ്യാറ്റിൻകര ലത്തീൻ അതിരൂപത അധ്യക്ഷൻ വിൻസന്റ് സാമുവൽ മെത്രാൻ എന്നിവർ പങ്കെടുത്തു. ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം വൈദിക പ്രമുഖരും അനേകം വൈദിka-സന്യസ്ത-അല്മായരും സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. വിവിധ ഇടവകകളിൽ നിന്നും എത്തിയ ആയിരക്കണക്കിന് ജനങ്ങളാണ് സംസ്കാര ശുശ്രൂഷയിലും തുടർന്ന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുമായി പരുത്തിയൂർ ദേവാലയത്തിൽ എത്തിച്ചേർന്നത്. നാടിന്റെയും നാട്ടുകാരുടെയും സ്നേഹാശ്രുക്കളാൽ നിറഞ്ഞ ആദരവോടെ ഫാ. ജെറോം ഡി നേറ്റോ യാത്രയായി. ദേവാലയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ കുഴിമാടത്തിലാണ് അച്ചന് നിത്യ വിശ്രമം ഒരുക്കിയത്.