തപസ്സുകാല തപശ്ചര്യകൾക്ക് സ്വീകാര്യമായ സമയം, പരമ്പരാഗതമായ തപശ്ചര്യകൾ, ഉപവാസം, ദാനധർമ്മം, പ്രാർത്ഥന, ദൈവത്തിന് സ്വീകാര്യമായ താപചര്യകൾ, ഇന്ന് പരക്കെ അനുഷ്ഠിക്കപ്പെടുന്ന തപശ്ചര്യകൾ, സിനഡാത്മക സഭയാണ് തപശ്ചര്യകളുടെ ലക്ഷ്യം, തപശ്ചര്യകളിലൂടെ സിനഡാത്മക സഭയിലേക്ക് ക്ഷണിക്കുന്ന ചരിത്രമുഹൂർത്തം, സിനഡാത്മക സഭയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കരുണക്കൊന്തയായിരിക്കട്ടെ എന്നിങ്ങനെ പ്രധാനമായും 7 ഉപശീര്‍ഷകങ്ങളിൽ തപസ്സുകാല ചിന്തകളെ കൂടുതൽ ധ്യാനാത്മക ചിന്തകളിലേക്ക് ക്ഷണിക്കുകയാണ് സൂസപാക്യം പിതാവ്.
- തപസ്സുകാല തപശ്ചര്യകൾക്ക് സ്വീകാര്യമായ സമയം
തപസ്സുകാല ഒന്നാം ഞായറാഴ്ചയിലെ സുവിശേഷം ഭാഗം സൂചിപ്പിക്കുന്നത് പോലെ മരുഭൂമിയിൽ യേശുവിന് ഉണ്ടായ പ്രലോഭനങ്ങളെയും അത് അതിജീവിച്ചതുപോലെ നമ്മുക്ക് ഉണ്ടാവുന്ന സഹനത്തിലൂടെ മഹത്വത്തിലേക്ക് കടക്കുവാൻ ശ്രമിക്കാമെന്നും പിതാവ് പറഞ്ഞുവക്കുന്നു.
- പരമ്പരാഗതമായ തപശ്ചര്യകൾ: ഉപവാസം, ദാനധർമ്മം, പ്രാർത്ഥന
യഹൂദ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊണ്ട മൂന്ന് പരമ്പരാഗത ഭക്താഭ്യാസങ്ങളായ ഉപവാസം, ദാനധർമ്മം, പ്രാർത്ഥന എന്നിവ നമ്മെ നമ്മോട് തന്നെയും, സഹോദരങ്ങളോടും, ദൈവത്തോടും സംഭവിച്ചുപോയ വിള്ളലുകളെ നികത്താൻ സഹായിക്കുമെന്നും തപശ്ചര്യകളും ഭക്താഭ്യാസങ്ങളും സ്വയം ന്യായികരിക്കാനും മറ്റുള്ളവരെ പുച്ഛിക്കാനും എല്ലാവരുടെയും ബഹുമാനാദരവ് പിടിച്ചു പറ്റാനുമുള്ള വെറും അഭ്യാസപ്രകടനങ്ങൾ ആകരുത് എന്നും പിതാവ് ഓർമപ്പെടുത്തുന്നു.
- ദൈവത്തിന് സ്വീകാര്യമായ തപശ്ചര്യകൾ
ആചാരങ്ങളുടെയും അനുഷ്ട്ടങ്ങളുടെയും കാഴ്ചവസ്തുക്കളുടെയും വിലയും നിലയും ഒന്നുമല്ല, മറിച്ച് വിനീതമായ സമർപ്പണവും ഭക്താഭ്യാസവുമാണ് ദൈവത്തിനു പ്രീതിജനകം.
- ഇന്ന് പരക്കെ അനുഷ്ഠിക്കപ്പെടുന്ന തപശ്ചര്യകൾ
ദൈവ വചന പാരായണം, ശ്രവണം, ധ്യാനം എന്നിവക്കായി ഒരു നിശ്ചിത സമയം മാറ്റി വയ്ക്കുക, ഞായറാഴ്ചകൾ കൂടാതെ ഇടദിവസങ്ങളിലും ദിവ്യബലിയിൽ പങ്കുചേരുക, കുമ്പസാരിക്കുക, ഭക്താഭ്യാസങ്ങൾ അനുഷ്ഠിക്കുക,ഉപവസിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നിങ്ങനെ നിരവധി ഭക്താഭ്യാസങ്ങൾ പരക്കെ തപചര്യകളായി അനുഷ്ഠിക്കപ്പെടുന്നു.
- സിനഡാത്മക സഭയാണ് തപശ്ചര്യകളുടെ ലക്ഷ്യം
“ഭക്താഭ്യാസങ്ങളുടെ ലക്ഷ്യം യേശുവിൽ നിന്നും സഹോദരരിൽ നിന്നും അകന്നു നിന്ന് അവർക്കു തുല്യമായ നൂറുക്കണക്കിന് സമാന്തര വ്യക്തിത്വങ്ങളായി രൂപപ്പെടുകയല്ല, പിന്നെയോ സഹോദരരോടൊപ്പം യേശുവിനെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് യേശുവിന്റെ ഇഷ്ടം മാത്രം, അതായത് ദൈവേഷ്ടം മാത്രം നിർവഹിച്ചു കൊണ്ട് യേശുവിന്റെ തന്നെ ശരീരമായി രൂപപ്പെടുകയാണ്” സിനഡാത്മക സഭ എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നതായി പിതാവ് ചൂണ്ടിക്കാട്ടുന്നു.
- തപശ്ചര്യകളിലൂടെ സിനഡാത്മക സഭയിലേക്ക് ക്ഷണിക്കുന്ന ചരിത്രമുഹൂർത്തം
തപസ്സുകാല വിചിന്തനങ്ങളോടുകൂടെ സിനഡാത്മക ചിന്തകളെ മുൻനിർത്തി സൂസപാക്യം പിതാവ് തപസ്സുകാല ഇടയലേഖനം പുറത്തിറക്കി. ” നമ്മുടെ അതിരൂപതയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂർത്തമാണ്. പുതിയൊരു അതിരൂപതാധ്യക്ഷൻറെ നേതൃത്വത്തിൽ ഒരു പുത്തനുണർവോടുകൂടി ‘സ്നേഹത്തിന്റെയും സേവനത്തിന്റെയും ദൗത്യം’ തുടരാൻ അതിരൂപതയെ സജ്ജമാക്കുന്ന ഒരു അവസമാണിത്”. പുതിയ പിതാവിന്റെ പ്രവർത്തനങ്ങളെ പ്രതീക്ഷയോടെ നോക്കി കാണുന്നതിനോടൊപ്പം സഹപ്രവർത്തകരുടെ എകികരണത്തിനും സഹകരണത്തിനുമായി പിതാവ് ആഹ്വനം ചെയ്യുന്നു.
- സിനഡാത്മക സഭയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കരുണക്കൊന്തയായിരിക്കട്ടെ
ഇന്നിന്റെ ജീവിത തിരക്കുകൾക്കിടയിലും വളരെ ചുരുങ്ങിയ സമയംകൊണ്ട് ആർക്കും വിശ്വസ്തതയോടെ നിറവേറ്റുവാൻ കഴിയുന്ന എളിയ പ്രാർത്ഥനയാണ് കരുണകൊന്തയെന്നും സിനഡാത്മക സഭയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് കരുണക്കൊന്തയെന്ന കുഞ്ഞു തപശ്ചര്യയിലൂടെ ആകട്ടെ എന്നും പിതാവ് നമ്മോടു ആവിശ്യപ്പെടുന്നു.
അങ്ങനെ ഫ്രാൻസിസ് പാപ്പ ആഹ്വനം ചെയ്യുന്ന സിനഡാത്മക സഭയായി മാറുവാൻ നമ്മുടെ രൂപതയ്ക്കും സാധിക്കട്ടെ ആശംസിച്ചുകൊണ്ടാണ് പിതാവ് ഇടയലേഖനം അവസാനിപ്പിച്ചത് .