തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട എ. അലക്സാണ്ടര്‍ക്ക് അഭിനന്ദന പ്രവാഹം . പൂന്തുറ ഇടവകാംഗമാണ് അദ്ദേഹം. 2019ല്‍ ഐ.എ.എസ് ലഭിച്ച അലക്സാണ്ടർ റവന്യു വകുപ്പില്‍ സബ് കളക്ടർ, രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, സഹകരണസംഘം രജിസ്ട്രാര്‍ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിതനാകുന്നത്. ആലപ്പുഴ ജില്ലയുടെ 52-ാമത്തെ കളക്ടറായി 2020 ജൂണ്‍ മാസത്തിലാണ് എ. അലക്സാണ്ടര്‍ ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകളും ക്രമീകരണങ്ങളും ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു നടത്തിയ ഇടപെടലുകളും ഏറെ ശ്രദ്ധേയമായി.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ മിഷനുകളുടെ നിര്‍വഹണം തുടങ്ങിയവ സുഗമമായി നടപ്പാക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്കിട്ടുണ്ട്.
റവന്യൂ ദിനമായ ഫെബ്രുവരി 24ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടക്കുന്ന പ്രതേക ചടങ്ങിൽ മുഖ്യ മന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. എ. അലക്സാണ്ടര്‍നൊപ്പം ജില്ലാ കളക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട് ), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം) എന്നിവരും മികച്ച കളക്ടർക്കുള്ള പുരസ്‌കാരത്തിന് അർഹരായി.