പൊടിയന്‍കുളം, അതൊരു ഗ്രാമത്തിന്റെ പേരാണ് ആ പേരു മാത്രം സ്വന്തമായുള്ള ഒരു ജനത, അവരുടെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ നടത്തുന്ന സമരത്തിന്റെ കഥയാണ് “കർണ്ണൻ”. കീഴ്ജാതിക്കാരുടെ ഒരു കുഗ്രാമത്തിലെ ജനതയ്ക്ക് കാലാകാലങ്ങളായി നേരിടേണ്ടിവരുന്ന ജാതീയമായ വിവേചനങ്ങളുടെ സമരഭൂമിയിലേക്കാണ് കാഴ്ചക്കാരെ നിമിഷങ്ങൾക്കകം സിനിമ പിടിച്ചുകെട്ടിക്കൊണ്ടുപോകുന്നത്.
സ്വന്തമായൊരു ബസ്റ്റോപ്പില്ലാതിരിക്കുക എന്ന ഇന്നത്തെ പ്രശ്നമുയർത്തിയാണ്, ജാതീയമായ വിവേചനങ്ങളുടെ സമരഭൂവിലേക്ക ആ ജനത പ്രവേശിക്കുന്നതെങ്കിലും, വെറുമൊരുബസ്റ്റോപ്പല്ല പ്രശ്നം എന്ന് സാവധാനം തിരിച്ചറിയുന്നു. തലയുയർത്തി നിൽക്കാനുള്ള ഈ മനുഷ്യരുടെ ബോധത്തെയാണ്, ഗവൺമെന്റും വ്യവസ്ഥാപിത സംവിധാനങ്ങളും ഇല്ലായ്മചെയ്യുന്നത് എന്ന തിരിച്ചറിവാണ് പൊടിയൻകുളത്തിലെ ജനങ്ങളുടെ രക്തരൂക്ഷിതമായ സമരത്തിന് കാരണം. പൊടിയൻകുളത്തെ ദൈവത്തിന്റെ രൂപത്തിന് തലയില്ല തലയില്ലാത്ത, മുഖമില്ലാത്ത, പേരില്ലാത്ത, നട്ടെല്ലില്ലാത്ത മനുഷ്യർക്ക് കർണ്ണൻ എന്ന നായകൻ നൽകുന്നത് ഈ തിരിച്ചറിവാണ്. ചില കെട്ടുകൾ സ്വയം പൊട്ടിക്കാനുള്ളതാണ് എന്ന തിരിച്ചറിവ്.
നീതി നിഷേധത്തിനെതിരെ പതുങ്ങിയിരുന്ന് മുഖം മൂടിയണിഞ്ഞാക്രമിക്കുക എന്നതുമത്രമാണ് ഈ മനുഷ്യരുടെ ആദ്യ പ്രതിരോധമാര്‍ഗ്ഗമെങ്കിലും, സ്വന്തം അസ്ഥിത്വം തേടുന്ന സിനിമയിലെ നായകനാകട്ടെ, പൊതുസമൂഹത്തിന്‍റെ മുമ്പിലൊരു തലതെറിച്ചവനാണ്. മുഖമില്ലാതെ കലാപം നടത്തുന്നവര്‍ക്കൊരു അപവാദമാണ്. മുഖമുയര്‍ത്തി, നട്ടെല്ലുയര്‍ത്തി അവന്‍ പ്രതികരിച്ചുതുടങ്ങുകയാണ്. രക്തരൂക്ഷിതമായ കലാപമാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ചില നീതി നിഷേധങ്ങള്‍ക്കു മറുപടി നല്‍കാനാവൂ, എന്നതാണവന്റെ ചിന്താഗതി. സത്യാഗ്രഹത്തിന്‍റെ അഹിംസയുടെ നാട്ടിലേക്കാണ്, സംഘടിതമായ സ്റ്റേറ്റിന്‍റെനീതിനിഷേധത്തിനെതിരെ ആയുധമെടുത്തുള്ള പ്രതീരോധം നായകൻ നടത്തുന്നത്. അത് ശരിയാണോ, തെറ്റാണോ എന്നൊക്കെയുള്ള ധാർമ്മികവിലയിരുത്തലുകളെ സിനിമകാണുമ്പോൾ നമുക്കുപേക്ഷിക്കേണ്ടുവരും.
ഗ്രാമത്തിൽ മനുഷ്യനൊപ്പം ജീവിക്കുന്ന മൃഗങ്ങളും സിനിമയിലേ കഥയുടെ ഭാഗമാകുന്നുണ്ട്. കാലാകാലങ്ങളായി അലയുന്ന കാലുകൾ കെട്ടപ്പെട്ട കഴുതയും, ഉടൽ പകുത്ത മീനും, അലയുന്ന കുതിരയും, കോഴിക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന പരുന്തും ഈ മനുഷ്യരുടെ ദൈന്യതയിലേക്കും കഥാ പരിസരത്തിലേക്കും നടത്തുന്ന സൂചനകൾ കണ്ടില്ലെന്നു നടിക്കാനാവില്ല.
മലയാളിയുടെ ഗോപ്യമായ ജാതി യാഥാർത്ഥ്യങ്ങൾക്കിടയിൽ, തമിഴ് സിനിമ അവിടുത്തെ ജാതീയമായ യാഥാർത്ഥ്യങ്ങളുടെ ഭീകരതയും ദൈന്യതയും അതിന്റെ എല്ലാ ഭാവുകത്വങ്ങളോടെയാണവതരിപ്പിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന്റെ മറ്റൊരുദ്ദാഹരണമാണ് മാരി സെൽവരാജിന്റെ തന്നെ മറ്റൊരു സിനിമയായ “പരിയേരും പെരുമാൾ” എന്ന ആദ്യസിനിമയും. ഇന്ത്യപോലൊരു രാജ്യത്ത് സിനിമയുടെ രാഷ്ട്രീയവും, സാമൂഹികവുമായമാനങ്ങൾ വളരെ വലുതാണ്. സിനിമ അതൊരു കലാരൂപം മാത്രമല്ല, അതൊരു രാഷ്ട്രീയ പ്രസ്താവന കൂടിയാണെന്ന് “കർണ്ണൻ” ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സിനിമ ഉയർത്തുന്ന വിഷയങ്ങളെ സമൂഹത്തിനവഗണിക്കാനുമാകില്ല.