മനുഷ്യന്റെ പ്രവർത്തികളുടെ ധാർമ്മികത പരിശോധിക്കുക പലപ്പോഴും പ്രതീക്ഷിക്കുന്നതിലേറെ ദുർഘടമാണ്. തെറ്റെന്നും ശരിയെന്നുമുള്ള നമ്മുടെ വിധി പറച്ചിലുകൾക്കിടയിൽ സങ്കീർണ്ണമായ ജീവിത പരിസരങ്ങളും, മാനസ്സീകാവസ്ഥകളും, വ്യക്തിത്വവും, വ്യക്തി ബന്ധങ്ങളുമൊക്കെയുണ്ടെന്നത് ചിലപ്പൊഴെങ്കിലും നാം മറക്കാറുണ്ട്.
ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെയും, നമ്മെ സംബന്ധിച്ചിടത്തോളം കറുപ്പും വെളുപ്പുമാണ്, തെറ്റും ശരിയുമാണ്: അത് ചെയ്യുന്നവരാകട്ടെ പാപിയും നല്ലവനുമാണ്. അങ്ങനെ ലോകത്തെ കാണുന്നതാണെളുപ്പവും. പക്ഷേ അങ്ങനെ കളം തിരിക്കുന്നതിനിടയിൽ പലപ്പോഴുമൊരു ചാരനിറം കൂടിയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് “ആർക്കറിയാം” എന്ന ഈ സിനിമ. ഒരൽപ്പം സ്ലോ ആണെങ്കിലും ദയവ് ചെയ്ത് പാരതി പറയാതെ കാണണം.
പാലായിലെ വീട്ടിലേക്ക് ലോക്ഡൗൺ കാലത്ത് ബോംബെയിൽ നിന്നുമെത്തുന്ന റോയ്-ഷേർളി ദമ്പതികളുടെയും അവരുടെ റിട്ടയേർഡ് അദ്ധ്യാപകനായ ചാച്ചന്റെയും പഴയവീട്ടിലാണ് കഥ നടക്കുന്നത്. അനുദിന ജപമാലയും, ഓൺ ലൈൻ കുർബ്ബാനയും സെബസ്ത്യാനോസ് പുണ്യവാളനുമൊക്കെയുള്ള ഈ സത്യക്രിസ്ത്യാനി കുടുംബത്തിൽ പത്ത് വർഷങ്ങൾക്കുമുൻപ് അപ്രതീക്ഷിതമായും രഹസ്യമായും നടന്ന ഒരു നരഹത്യ വീണ്ടും ഓർമ്മകളിലേക്കും ജീവിതപരിസരങ്ങളിലേക്കും മടങ്ങിയെത്തുകയാണ്. ആ പാതകത്തിന്റെ ധാർമ്മികത കുടുംബത്തിലെ ഓരോ വ്യക്തിയുടെയും വീക്ഷണകോണിൽ പരിശോധിക്കപ്പെടുകയാണ്. ആഴമേറിയ വ്യക്തിത്വങ്ങളുള്ള കഥാപാത്രങ്ങളാണോരോരുത്തരും എന്നതുകൊണ്ടു തന്നെ ആരുടെ ഭാഗമാണ് ശരി എന്ന കാഴ്ചക്കാരനോടുള്ള ചോദ്യം ഓരോ കഥാപാത്രവും ചോദിച്ചുകൊണ്ടേയിരിക്കുന്നു.
പരസ്പരം എത്രയൊക്കെ അറിയുമെന്ന് പറഞ്ഞാലും, മറ്റൊരാളുടെ ചെയ്തികൾക്കുമേൽ വിധി പ്രസ്താവം നടത്താനുള്ള ദർശനപൂർണ്ണത നമുക്കുണ്ടോ എന്ന അർത്ഥവത്തായ ചോദ്യമുയർത്തിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നതും. കൂടുതൽ തുറവിയോടെയും അവധാനതയോടെയുമാണ് പ്രവർത്തികളുടെ ധാർമ്മികത പരിശോധിക്കേണ്ടത് . (പുറമേ കാണുന്നതനുസരിച്ച് വിധിക്കാതെ നീതിയായി വിധിക്കുവിൻ യോഹന്നാൻ 7:24)
അതേസമയം തന്നെ നമ്മുടെ എല്ലാ ചെയ്തികൾക്കും ധാർമ്മികമായ ഒരു വശമുണ്ട് എന്നത് സിനിമ നിഷേധിക്കുന്നില്ല എന്നതാണ് ക്രൈസ്തവികമായി കാണേണ്ട സന്ദേശം. ഒടുവിൽ മുകളിലൊരാൾക്കുമാത്രമാകും പൂർണ്ണമായും സത്യമറിയാനാവുക, വിധി പറയാനാവുക. അതിനാൽ സിനിമയ്ക്ക് “അവനറിയാം” എന്ന പേര് ചേർത്ത് വിളിക്കാനാണെനിക്കിഷ്ടം .(ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ചപിതാവും എന്നോടുകൂടെയുണ്ട്. യോഹന്നാന്‍ 8 : 16)
കോവിഡും ലോക്ഡൗണും പത്രസമ്മേളനവും, വാറ്റു ബിസിനസ്സും, ചക്ക കൂട്ടുകളുമൊക്കെ കാണിക്കുന്നതിനിടയിൽ സിനിമ നമുക്കിടയിലെവിടെയോ സംഭവിക്കുന്ന പ്രതീതിയുണർത്തുന്നുണ്ട്. അതോടൊപ്പം തന്നെ പാത്രം കൊട്ടുന്ന, വാചാടോപം നടത്തുന്ന, കൈക്കൂലി പിഴിയുന്ന കോവിഡിന്റെ രാഷ്ട്രീയത്തെയും സിനിമ വളരെ subtle ആയി സൂചിപ്പിക്കുന്നുമുണ്ട്. ഇതുകൊണ്ടൊക്കെ കൂടിയാണ് ഈ മലയാള സിനിമയെ ഞാനിഷ്ടപ്പെടുന്നതും.
വാൽകഷണം :-അടുത്തകാലത്തുകണ്ട മലയാള സിനിമകളൊക്കെ ഒന്നിനൊന്ന് മെച്ചമായി വരുകയാണ്. തീയറ്റർ, ബിഗ് റിലീസ്, ഫാൻസ് അസോസിയേഷൻ സമ്മർദ്ദങ്ങളൊന്നുമില്ലാതെ പുറത്തിറക്കാനും, സിനിമ കാണപ്പെടാനും, ആസ്വദിക്കപ്പെടാനുമുള്ള മാറിയ സാഹചര്യമാകണം കാണികളെ ഇത്തരം സിനിമകളിലേക്ക് ഇന്ന് കുടുതലെക്കെത്തിക്കുന്നതെന്ന് കരുതുന്നു.
@Fr. Deepak Anto