ബെയ്ജിങ്: ചൈനയിൽ 10 കോടിയിലധികം ക്രൈസ്തവർ ഉണ്ടെന്നാണ് ചില സ്വതന്ത്ര പഠനങ്ങളും ക്രൈസ്തവ ഗവേഷണ സംഘടനകളും പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉൾപ്പെടുന്ന ക്രൈസ്തവ സമൂഹം ചൈനയിൽ ഗണ്യമായ സാന്നിധ്യമാണ്.
ബോസ്റ്റൺ സർവകലാശാലയുമായി ബന്ധപ്പെട്ട ഗവേഷകരുടെ വേൾഡ് റിലീജിയൻ ഡാറ്റാബേസിലെ കണക്കുകൾ പ്രകാരം 2020-ൽ ചൈനയിൽ ഏകദേശം 10.6 കോടി ക്രൈസ്തവരുണ്ടായിരുന്നു. ഏഷ്യ ഹാർവെസ്റ്റിന്റെ കണക്കനുസരിച്ച് ഇതേ കാലയളവിൽ 10.97 കോടി വിശ്വാസികളാണ് രാജ്യത്തുണ്ടായിരുന്നത്.
ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദൈവാലയങ്ങൾക്കു പുറമേ വീടുകളിലും അനൗദ്യോഗിക ആരാധനാകേന്ദ്രങ്ങളിലും വിശ്വാസജീവിതം നയിക്കുന്ന ക്രൈസ്തവ സമൂഹങ്ങളും ചൈനയിലുണ്ട്. ഇവരുടെ കൃത്യമായ എണ്ണം കണ്ടെത്തുക പ്രയാസകരമാണ്. അതിനാൽ വിവിധ പഠനങ്ങളിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വ്യത്യാസം കാണപ്പെടുന്നു.

