വത്തിക്കാൻ സിറ്റി: വിശുദ്ധരാകാനും തിന്മയെ അതിജീവിക്കുന്ന സ്നേഹപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് വിശ്വാസികളായ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ. നമ്മുടെ ജീവിതത്തിലെ സ്നേഹവും സമാധാനവും തിന്മയുടെയും അത്യാഗ്രഹത്തിന്റെയുംമേൽ വിജയം നേടണമെന്നാണ് ഇതിൻ്റെ അർഥമെന്ന് പാപ്പ കൂട്ടിച്ചേർത്തു.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1 ഞായറാഴ്ച, ത്രികാല പ്രാർത്ഥനയോടനുബന്ധിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ. അത്യാഗ്രഹത്തിന്റെ കണക്കുകൂട്ടലുകളെയും ചിലപ്പോഴൊക്കെ പ്രബലമെന്നു തോന്നിക്കുന്ന തിന്മയുടെ അഹങ്കാരത്തെയും അതിജീവിക്കുന്ന സ്നേഹപൂർണ്ണമായ പ്രവൃത്തികളും തീരുമാനങ്ങളും ദൈവകൃപയാൽ കൈക്കൊള്ളുന്നതാണ് വിശുദ്ധീകരണം എന്ന് പാപ്പാ വ്യക്തമാക്കി.
വിശുദ്ധീകരണം എന്നത് ചുരുക്കം ചിലർക്ക് മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഒരു പ്രത്യേക അവകാശമല്ല മറിച്ച്, നാം ജീവിക്കുന്നിടത്തെല്ലാം നാമോരോരുത്തർക്കുമുള്ള സർവ്വത്രികമായ വിളിയാണ്. പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ എന്നപോലെതന്നെ അനുദിന ജീവിതത്തിലെ സാധാരണ സന്ദർഭങ്ങളിലും സമാധാനം വളർത്തുന്നതിൽ നമുക്ക് ഒരിക്കലും മടുപ്പ് തോന്നാതിരിക്കട്ടെ – പാപ്പാ പറഞ്ഞു.
ഈ തിരുനാൾ നൽകുന്ന പ്രത്യാശ നിറഞ്ഞ സന്ദേശം ഇതാണ്: നമുക്ക് കാണാൻ കഴിയാത്ത നന്മ ദൈവം കാണുന്നു, നമുക്ക് അറിയാത്ത കഥകൾ അവിടന്ന് അറിയുന്നു, നമുക്ക് എത്തിച്ചേരാൻ കഴിയാത്ത ഹൃദയങ്ങളിലേക്ക് അവിടന്ന് എത്തിച്ചേരുന്നു.

