അഞ്ചുതെങ്ങ്: സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി കൗമാരക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും വൈകാരിക ക്ഷേമവും ലക്ഷ്യമാക്കി അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 14-ന് നടന്ന പരിപാടിയിൽ ഏകദേശം 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂബിലി ഹോസ്പിറ്റൽ സൈക്കാട്രി ഡിപ്പാർട്മെന്റിന്റെ കീഴിൽ ഡോ. ശ്രേയസ് സൂസൻ വർഗീസിന്റെ നേതൃത്വത്തിലും ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയുമാണ് പരിപാടി നടന്നത്. അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. സന്തോഷ് പനിയടിമ സ്വാഗതം ആശംസിച്ചു.
Social Stigma, Relationships, Depression, Suicide Prevention, Self-esteem, Study Tips, Stress Management തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ലളിതവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും സമ്മർദ്ദങ്ങളെ ആരോഗ്യകരമായി നേരിടാനും ആവശ്യമായ നിർദ്ദേശങ്ങളും പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് വ്യക്തിഗത കൗൺസിലിംഗ് നൽകി. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുകയും കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും പരിപാടി സഹായിച്ചു.

