വത്തിക്കാന്‍ സിറ്റി: ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ്, സേവനങ്ങൾ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും ലിയോ പാപ്പ. കത്തോലിക്ക സഭയിൽ, പുതുതായി അഭിഷിക്തരായ മെത്രാന്മാർക്ക് വേണ്ടി വത്തിക്കാനിൽ നടന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരിന്നു പാപ്പ. മെത്രാന്മാരെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, യേശുവിനോടുകൂടെ ആയിരിക്കുക എന്നതാണെന്ന് പാപ്പ ഊന്നിപ്പറഞ്ഞു. യേശുവിനെ കുറിച്ച് സംസാരിക്കുവാൻ, നാം അവനോടുകൂടെ ആയിരിക്കേണ്ടത് ഏറെ ആവശ്യമെന്നും, അവിടുത്തെ ജനത്തെ നയിക്കാൻ, എല്ലാ ദിവസവും അവനാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. ദിവ്യബലി, ദൈവവചന വായന, പ്രാർത്ഥന എന്നിവയെല്ലാം ശിഷ്യന്റെ ലളിതമായ ഹൃദയത്തോടെ കർത്താവിന്റെ സാന്നിധ്യത്തിൽ കഴിയാൻ കഴിയുന്ന നിമിഷങ്ങളാണെന്നു പാപ്പ ചൂണ്ടിക്കാട്ടി.
നല്ല ഇടയനായ യേശുവിന്റെ ഹൃദയം, മെത്രാന്മാർ സ്വന്തമാക്കണം. “ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ നൽകുന്നു” എന്ന യേശുവിന്റെ വാക്കുകളാണ് മെത്രാന്മാരുടെ മാതൃക. തന്റെ ജനത്തെ സ്നേഹിക്കാൻ അനുദിനം കൂടുതൽ കൂടുതൽ പഠിക്കുന്ന ഒരു മനുഷ്യനാണ് മെത്രാനെന്നും, തന്റെ ജനത്തിന്റെ സന്തോഷവും ദുഃഖങ്ങളും അറിയുക, അവരുടെ സ്വപ്നങ്ങൾ പങ്കിടുക, സമൂഹങ്ങൾ വളരുന്നത് കാണുന്നതിൽ സന്തോഷിക്കുക എന്നിവ മെത്രാന്റെ ശുശ്രൂഷയുടെ പ്രധാന വശങ്ങൾ ആണെന്നും പാപ്പ ചൂണ്ടിക്കാട്ടി.
