മാഡ്രിഡ്: സാങ്കേതികവിദ്യയും ദൈവവിശ്വാസവും സമന്വയിപ്പിച്ച് ആയിരത്തിലധികം ആളുകള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തി നല്‍കിയിരിക്കുകയാണ് സ്‌പെയിനില്‍ നിന്നുള്ള കത്തോലിക്കാ വൈദികന്‍. ‘ഒപ്പൂസ് ദെയ്’ സമൂഹാംഗവും ഇബിസ സ്വദേശിയുമായ എഴുപതുകാരനായ ഫാ. ഫെര്‍ണാണ്ടോ ക്യൂവാസാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ 1,280 പേര്‍ക്ക് വിവാഹ ജീവിതത്തിലേക്ക് വഴിതുറന്നുകൊടുത്തത്.
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്ട്സാപ്പും ലളിതമായ ഒരു ചോദ്യവലിയും മാത്രമാണ് ഈ ശുശ്രൂഷയ്ക്കായി ഫാ. ഫെര്‍ണാണ്ടോ ഉപയോഗിക്കുന്നത്. വാലന്‍സിയയിലെ രണ്ട് സ്‌കൂളുകളിലും യുവജന ക്ലബ്ബുകളിലും ചാപ്ലെയിനായി സേവനം അനുഷ്ഠിക്കുന്ന ഫാ. ഫെര്‍ണാണ്ടോയ്ക്ക് പ്രതിദിനം ശരാശരി 60-ഓളം വാട്ട്സാപ്പ് സന്ദേശങ്ങളാണ് ജീവിതപങ്കാളിയെ തേടി എത്തുന്നത്. തന്റെ മുന്നിലെത്തുന്നവര്‍ക്കായി അദ്ദേഹം രണ്ട് നിബന്ധനകള്‍ മാത്രമാണ് മുന്നോട്ടുവെക്കുന്നത്: ‘അപേക്ഷകരുടെ പ്രായം 25 വയസിന് മുകളിലായിരിക്കണം. ഞായറാഴ്ചകളിലെങ്കിലും മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരായിരിക്കണം.’ ഇതിന് പുറമേ അപേക്ഷകരുടെ പ്രായം, താമസസ്ഥലം, സഭയോടുള്ള താല്പര്യം എന്നിവ ചോദിച്ചറിഞ്ഞ ശേഷം വിവരങ്ങള്‍ പരസ്പരം ഒത്തുനോക്കും. താമസിക്കുന്ന നഗരം, പങ്കാളികളുടെ പ്രായവ്യത്യാസം, ഉയരം എന്നിവ കണക്കിലെടുത്താണ് അദ്ദേഹം ചേര്‍ച്ചകള്‍ നിര്‍ദേശിക്കുന്നത്.
ദൈവമാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതെന്ന ഉറച്ച വിശ്വാസമാണ് പല ദമ്പതികളെയും എളുപ്പത്തില്‍ ഒന്നിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് ഫാ. ഫെര്‍ണാണ്ടോ വ്യക്തമാക്കുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ നമ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പരസ്പരം തെറ്റായ വ്യക്തികളെ വിളിച്ച അനുഭവവും ഫാ. ഫെര്‍ണാണ്ടോ പങ്കുവെച്ചു. വിവരങ്ങള്‍ ഒത്തുപോയില്ലെങ്കിലും നേരില്‍ കണ്ട് സംസാരിച്ച അവര്‍ പിന്നീട് വിവാഹിതരാവുകയും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. ഇത് ഈ ശുശ്രൂഷയിലൂടെ ലഭിക്കുന്ന ദൈവപരിപാലനയുടെ ഉദാഹരണമാണെന്ന് ഫാ. ഫെര്‍ണാണ്ടോ പറഞ്ഞു.
ആദ്യകാലങ്ങളില്‍ വാലന്‍സിയ രൂപതയില്‍ മാത്രം ഒതുങ്ങിനിന്ന ഈ ശുശ്രൂഷ, ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അര്‍ജന്റീന, മെക്‌സിക്കോ, കൊളംബിയ, പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുപോലും ഫാ. ഫെര്‍ണാണ്ടോയെ തേടി അപേക്ഷകള്‍ എത്തുന്നുണ്ട്. വിദേശത്തുനിന്നുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഫാദര്‍ വിസെന്റെ ഹുഎര്‍ട്ട എന്ന മറ്റൊരു വൈദികന്റെ സഹായവും ഇദ്ദേഹത്തിനുണ്ട്. നിരവധി യുവജനങ്ങള്‍ വിവാഹം പോലും വേണ്ട എന്ന് പറയുന്ന ഇക്കാലത്ത്, ദൈവത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്നും സൗന്ദര്യത്തേക്കാള്‍ ദൈവവിശ്വാസത്തിനാണ് ആളുകള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഈ വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു.

