കഴക്കൂട്ടം ∙ ബിപിബിപിഎം ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമാപുരം എഫ്എസിസി ടീം ലഭിച്ച സമ്മാനത്തുക കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാട്ടിലെ പതിനാലുകാരനു നൽകി നാടിനു മാതൃകയായി. മത്സരത്തിൽ ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയുമാണ് ടൂർണമെന്റിൽ നിശ്ചയിച്ചിരുന്നത്. ഫൈനലിൽ റണ്ണറപ്പായ ഫാത്തിമാപുരം ടീമിനു ലഭിച്ച 25,000 രൂപയുടെ കാഷ് പ്രൈസ് അവർ റോഷൻ റോബിന്റെ(14) ചികിത്സയ്ക്കായി നൽകുകയായിരുന്നു. പള്ളിത്തുറ എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു. ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ ആറ്റരികത്തു വീട്ടിൽ മത്സ്യത്തൊഴിലാളിയായ റോബിന്റെ മകനാണ് റോഷിൻ. കഴിഞ്ഞ മാസം ശബ്ദം അടയുകയും രക്തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുകയും ചെയ്തതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനയിൽ റോഷന് ബ്ലഡ് കാൻസറാണെന്ന് കണ്ടെത്തി. തുടർന്ന് ആർസിസിയിലേക്കു മാറ്റി. രോഗത്തോടു മല്ലിട്ടു കഴിയുന്ന റോഷന് ജീവിതത്തിലേക്കു തിരിച്ചു വരണമെങ്കിൽ ലക്ഷങ്ങൾ ചെലവ് വരും. ഫാത്തിമാപുരത്തെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന മത്സ്യ തൊഴിലാളിയായ റോബിനു അതിനുള്ള പണം കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ഇതറിഞ്ഞ നാട്ടുകാർ സഹായത്തിനുള്ള പണം കണ്ടെത്താനായി സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് എഫ്എസിസി തുക റോഷൻ റോബിന്റെ ചികിത്സയ്ക്കു കൈമാറിയത്.
