വത്തിക്കാന്‍ സിറ്റി: അസാധാരണ സാഹചര്യങ്ങളിൽ പോലും ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണം അല്‍മായർക്ക് നടത്താനാവില്ലായെന്നു വത്തിക്കാൻ. ജർമ്മനിയിൽ നിന്നുള്ള മെത്രാന്മാർ ഉന്നയിച്ച ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം നല്‍കിയ മറുപടിയിലാണ് സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. തിരുപ്പട്ടം വഴി നിയുക്തരായ ശുശ്രൂഷകർക്ക് നൽകപ്പെട്ടിട്ടുള്ള ‘പ്രബോധന അധികാര’മാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നതെന്നും ദിവ്യബലിയിലെ വചനഭാഗവും, കൂദാശാഭാഗവും തമ്മിലുള്ള ഐക്യത്തിൽ നിന്നും, തിരുപ്പട്ടം വഴി ലഭിച്ച ദൗത്യത്തിൽ നിന്നും വചനപ്രഘോഷണത്തെ വേർപെടുത്താനാവില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന അല്മായർക്ക് അസാധാരണ സാഹചര്യങ്ങളിൽ വചനപ്രഘോഷണം നടത്താൻ അനുവാദം നൽകണമെന്ന ജർമ്മൻ മെത്രാന്മാരുടെ ആവശ്യത്തിന്, ഇക്കഴിഞ്ഞ ജൂൺ 17-ന് അയച്ച കത്തിലൂടെയാണ് വത്തിക്കാൻ കാര്യാലയം മറുപടി നൽകിയത്. ജർമ്മൻ മെത്രാൻ സമിതി അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ഹൈനർ വിൽമറിന് അയച്ച കത്തിൽ, മെത്രാന്മാരുടെ അജപാലനപരമായ ആശങ്കകളെ നോക്കികാണുന്നുണ്ടെങ്കിലും ഇത്തരമൊരു അനുവാദം നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ കഴിയില്ല. കാരണം, വചനപ്രഘോഷണം വൈദികര്‍ക്കും ഡീക്കന്മാർക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് വെറുമൊരു അച്ചടക്ക നിയമമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സ്വഭാവത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. വചനപ്രഘോഷണം എന്നത് ദിവ്യബലിയിലെ വചനശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ്. ഇത് സുവിശേഷ പ്രഖ്യാപനവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം, തിരുപ്പട്ടം ലഭിച്ച ശുശ്രൂഷകരുടെ വചനപ്രഘോഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനായി അവർക്ക് തുടർച്ചയായ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യവും കത്തിൽ ഊന്നിപ്പറയുന്നുണ്ട്.

