മരിയനാട്: കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടന്ന ‘കിക്കോഫ് 2K26’ ഫുട്ബോൾ ടൂർണമെന്റിൽ മാഡ്രിഡ് എഫ്.സി മരിയനാട് ജേതാക്കൾ. ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ തീയതികളിലായി ബി.പി.ബി.പി.എം.എൽ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 26 ടീമുകൾ പങ്കെടുത്തു. പുതുക്കുറിച്ചി ഫൊറോന വികാരി റവ. ഡോ. ഹൈസിന്ത് എം. നായകം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അത്യന്തം വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ മാഡ്രിഡ് എഫ്.സി മരിയനാട് ഒന്നാം സ്ഥാനവും (10,000 രൂപയും ട്രോഫിയും) റണ്ണേഴ്സ് അപ്പായ ബറൂസിയ യുണൈറ്റഡ് ‘എ’ ടീം രണ്ടാം സ്ഥാനവും (5,000 രൂപയും ട്രോഫിയും) കരസ്ഥമാക്കി.

കെ.സി.വൈ.എം അതിരൂപത സുവർണ്ണ ജൂബിലി വർഷത്തിൽ കെ.സി.വൈ.എം പുതുക്കുറിച്ചി ഫൊറോന നടപ്പിലാക്കുന്ന വിപുലമായ ജീവകാരുണ്യ പദ്ധതിയായ ‘ജീവനം 26’-ന്റെ ലോഗോ പ്രകാശനവും, പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ധനസഹായ വിതരണവും ഉദ്ഘാടന സമ്മേളനത്തിൽ ഫൊറോന വികാരി നിർവ്വഹിച്ചു. രോഗികൾക്കും നിരാലംബർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനവും കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളസ് നിർവ്വഹിച്ചു. ചടങ്ങിൽ പുത്തൻതോപ്പ് സൗത്ത് വാർഡ് മെമ്പർ അഡ്വ. ഫിനു ആന്റണി, ബി.പി.ബി.പി.എം.എൽ പ്രസിഡന്റ് എബിൻ തോമസ്, കെ.സി.വൈ.എം ഫൊറോന ഭാരവാഹികൾ, വിവിധ സ്പോൺസർമാർ എന്നിവർ സന്നിഹിതരായിരുന്നു.

